മതേതരവും സാമൂഹ്യ മാറ്റത്തെ മുന്‍നിര്‍ത്തിയുള്ളതുമായ പുരോഗമന രാഷ്‌ട്രീയത്തിന് മേല്‍ക്കൈ നഷ്‌ടപ്പെട്ടപ്പോള്‍ വര്‍ഗീയതയുടെ രാഷ്‌ട്രീയം ശക്തി പ്രാപിച്ചു എന്നതാണ് സമീപ കാലത്തെ ഒരു പ്രധാന മാറ്റം. വര്‍ഗീയതയുടെ രാഷ്‌ട്രീയം ഏതെല്ലാം തലങ്ങളിലേക്ക് അരിച്ചിറങ്ങുന്നുവെന്ന് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായി. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്‌തമായി പ്രാദേശിക ഘടകങ്ങളിലൂന്നിയുള്ള ജനവിധിക്ക് കൂടുതല്‍ മുന്‍ഗണന കൈവരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജാതി-മത ധ്രുവീകരണത്തെ കേന്ദ്രീകരിച്ചുള്ള പുതിയ സാധ്യതകള്‍ ആരായുന്നതില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ മുന്നിലുണ്ടായിരുന്നു.
ഭൂരിപക്ഷ വര്‍ഗീയത ഭീകര രൂപമാര്‍ജിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും വര്‍ഗീയതയുടെ പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രേരണയാകുന്ന മാറ്റൊലിക്ക് വഴിവെക്കാറുണ്ട്. പക്ഷേ അത് ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗീയതക്ക് തന്നെയാണ് ഗുണകരമാകുക എന്നതാണ് അനുഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ അള്ളാഹുവിന്റെ പേരിലുള്ള മുദ്രാവാക്യം ഉയരുമ്പോള്‍ നഷ്‌ടപ്പെടുന്നത് ആ സമരത്തിന്റെ മതേതരത്വ സ്വഭാവമാണ്. അത്തരം മുദ്രാവാക്യങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയത മുന്‍നിര്‍ത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് തന്നെയാണ് ആത്യന്തികമായി ഗുണകരമാകുന്നത്. മുസ്ലിം വോട്ടിന്റെ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തിയാര്‍ജിച്ചത് എന്‍ഡിഎയുടെ വിജയത്തിനും മതേതര പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാജനസഖ്യത്തിന്റെ പരാജയത്തിനും മുഖ്യകാരണമായത് സമീപകാല ഉദാഹരണമാണ്.
ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണങ്ങള്‍ ക്കുള്ള വ്യക്തമായ ശ്രമങ്ങള്‍ ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായി. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളില്‍ നിന്ന് പിന്തുണയാര്‍ജിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷത്തിനും കേരളം സാക്ഷ്യം വഹിച്ചു. പന്തളം നഗരസഭയില്‍ ഓര്‍ത്തഡോക്‌സ് സഭ നേതൃത്വത്തിന്റെ പിന്തുണയോടെ ക്രിസ്‌ത്യാനികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ചപ്പോള്‍ സംഘ്‌പരിവാറിന്റെ ധ്രുവീകരണ രാഷ്‌ട്രീയം ഏതൊക്കെ തലങ്ങളിലേക്ക് അപ്രതീക്ഷിതമായി വ്യാപരിക്കുന്നുവെന്നാണ് വ്യക്തമായത്. മുസ്ലിം വിരോധം എന്ന നറേറ്റീവിനെ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ രാഷ്‌ട്രീയമായ പിന്തുണയാര്‍ജിക്കുന്നതിന് പോലും ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.
മുസ്ലിം തീവ്രവാദത്തിന്റെ പുതിയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി എന്നതാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ ചെയ്‌ത ഏറ്റവും വലിയ പാതകം. ശബരിമല പ്രശ്‌നം കത്തിനിന്ന സമയത്ത് ഹിന്ദുവര്‍ഗീയതാ കാര്‍ഡ് കളിക്കുകയും അത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ഭംഗിയായി ഉപയോഗപ്പെടുത്തുകയും ചെയ്‌ത കോണ്‍ഗ്രസ് മുസ്ലിം തീവ്രവാദത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ കടന്ന് മേയാനാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ശ്രമിച്ചത്. മുമ്പ് അബ്‌ദുള്‍ നാസര്‍ മദ്‌നിയുടെ പിഡിപിയുമായി രാഷ്‌ട്രീയ ധാരണയിലെത്തിയ എല്‍ഡിഎഫിന് സംഭവിച്ചതു പോലുള്ള പാളിച്ചയായിരുന്നു അത്.
യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം എന്ന പുതിയ പരീക്ഷണം വിജയിച്ചിരുന്നുവെങ്കില്‍ അത് കേരള രാഷ്‌ട്രീയത്തെ അപകടരമായ ധ്രുവീകരണത്തിലേക്ക് നയിക്കുന്ന ഉഗ്രശേഷിയുള്ള കോക്‌ടെയില്‍ ആയി മാറുമായിരുന്നു. മതേതരത്വത്തിന്റെ വ്യാജമുഖവും മുസ്ലിം തീവ്രവാദവും ചേര്‍ന്നുള്ള വിഷമിശ്രിതത്തിന്റെ രുചി നോക്കാന്‍ വിസമ്മതിച്ചതിന് കേരള ജനത പ്രത്യേക അഭിനന്ദനം തന്നെ അര്‍ഹിക്കുന്നു.
ധ്രുവീകരണ രാഷ്‌ട്രീയത്തിന്റെ സാധ്യതകള്‍ ആരായുന്നതില്‍ എല്‍ഡിഎഫും പിന്നോട്ടുപോയില്ല. പ്രീണനത്തിന്റെ രാഷ്‌ട്രീയം എല്‍ഡിഎഫും സമര്‍ത്ഥമായി ഉപയോഗിച്ചു. സാമ്പത്തിക സംവരണം എന്ന പേരില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം മുന്നോക്ക ജാതി വോട്ട് പ്രബലമായ ഇടങ്ങളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ നേടികൊടുത്തിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് പത്ത് സീറ്റ് പോലുമില്ലാതെ പിന്തള്ളപ്പെട്ടത് അവരുടെ പരമ്പരാഗതമായ മുന്നോക്ക ജാതി വോട്ടിലെ ചോര്‍ച്ച മൂലമാണ്. ഇത് വീതം വെക്കപ്പെട്ടത് സവര്‍ണ ഫാസിസത്തിന്റെ മുഖമായ ബിജെപിക്കും സംസ്ഥാനത്ത് സവര്‍ണ സംവരണം നിയമമാക്കിയ എല്‍ഡിഎഫിനുമാണ്.