തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി രാവിലെ 11 ന് കേസ് പരിഗണിക്കും. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസാണ് സിബിഐ കൊലപാതകമെന്ന് തെളിയിച്ചത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി.സി.എം കോളേജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത്ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താല്‍ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
പയസ് ടെന്‍ത്ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി.ബി.ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ 10നാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം 8 പേര്‍ കൂറ് മാറി. വൈദികര്‍ തന്നെ നടത്തിയ കൊലപാതകത്തില്‍ കടുത്ത ശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക.