കോഴിക്കോട്: കോഴിക്കോട് നാല് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. 25 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഷിഗെല്ല രോഗത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം ഇതൊക്കെയാണ് ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. അതുകൊണ്ട് വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളും കാണുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
മലിനജലം, കേടായ ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പടരുന്നത്. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. സാമ്പിള്‍ പരിശോധനയില്‍ ആറു കേസുകളിലാണ് ഷിഗെല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കുകയും ചെയ്‌തെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തുറസ്സായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവര്‍ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.











