മുംബൈയിലെ മുതിര്‍ന്ന സി.പി.ഐ.എം പ്രവര്‍ത്തകനും ആറു പതിറ്റാണ്ടുകാലം നഗരത്തിലെ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലും ടയര്‍ വ്യവസായ രംഗത്തും സജീവമായിരുന്ന പി.വി. ചാക്കോ(86) നിര്യാതനായി.
ഇന്നലെ രാത്രിയില്‍ വിക്രോളി ബംഗാനയിയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. മഹാരാഷ്ട്ര അന്തോളന്‍ സമര രംഗത്തും ഗോവാ വിമോചന സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
1960 ല്‍ മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍ വരുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ചാക്കോ മുംബൈയിലെത്തിയത്. 1964ല്‍ സി.പി.ഐ. എം രൂപം കൊണ്ടപ്പോള്‍ മുംബൈയിലെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന പി.വി ചാക്കോ അടക്കമുള്ളവരെ ചൈനീസ് ചാരന്മാര്‍ എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 19 മാസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നുവെന്ന് സി.ഐ.ടി.യു മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍ കൃഷ്ണന്‍ പറഞ്ഞു. അന്ന് അറസ്റ്റിലായവരില്‍ പി ആര്‍ കൃഷ്ണനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
കേരളീയ കേന്ദ്ര സംഘടന, ടയര്‍ അസോസിയേഷന്‍ തുടങ്ങി നിരവധി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ടയര്‍ അസോസിയേഷന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ പി.വി ചാക്കോ പംങ്ചര്‍ ഒട്ടിച്ചും ടയര്‍ നന്നാക്കിയും ജീവിച്ചിരുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ആശ്രമായിരുന്നു.
കോട്ടയം സിഎംഎസ് കോളേജിലാണ് പഠനം.ജസ്റ്റിസ് കെ.ടി തോമസ് സഹപാഠിയായിരുന്നു. അടുത്ത സുഹൃത്തിനെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്ന് സിഐടിയു നേതാവ് പി.ആര്‍ കൃഷ്ണന്‍ പറഞ്ഞു.

















