കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീലീഗ് വിമതന്‍ ടി.കെ അഷ്‌റഫ്. ഇതോടെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി കോര്‍പറേഷന്‍ എല്‍ഡിഎഫ് ഭരണത്തിലേക്ക്.ഇടതു മുന്നണിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് പിന്തുണ നല്‍കാനുളള തീരുമാനം. യാതൊരുവിധ ഉപാധികളൊന്നും ഇല്ലാതെയാണ് പിന്തുണ നല്‍കുന്നതെന്നും അഷ്‌റഫ് പറഞ്ഞു. മട്ടാഞ്ചേരിയിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആകെ 74 സീറ്റുളള കൊച്ചി കോര്‍പറേഷനില്‍ 34 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുളളത്. യുഡിഎഫിന് 31 സീറ്റുകളാണ് ലഭിച്ചത്. അഞ്ച് സീറ്റുകള്‍ ബിജെപിയും
നാല് സീറ്റുകള്‍ വിമതരും നേടി. കോണ്‍ഗ്രസ്സില്‍ നിന്നും രണ്ട് പേരും മുസ്ലീം ലീഗില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഒരോ ആള്‍ വീതമാണ് വിമതരായി ജയിച്ചത്. ഇതില്‍ നാല് വിമതരും പിന്തുണച്ചാലേ യുഡിഎഫിന് ഭരണം ഉറപ്പിക്കാനാവൂ. എന്നാല്‍ ഒരാളുടെ പിന്തുണ ലഭിച്ചാല്‍ ഇടതു മുന്നണിക്ക് ഭരണം പിടിക്കാം. അഷ്‌റഫിന്റെ പിന്തുണയോടു കൂടി ഇടതുമുന്നണി ഭരണം പിടിച്ചെടുത്തിരിക്കുകയാണ്.











