തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ് തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നു. കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും വിമര്‍ശനം ഉയരും. ഇന്ന് യോഗം ചേരാനിരിക്കുന്ന കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആരോപിക്കുന്നത്.
നേതാക്കന്മാര്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ. സുധാകരന്‍ എംപി പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിശകലനത്തെ പരസ്യമായി തള്ളികളഞ്ഞ് കെ മുരളീധരന്‍ എംപിയും രംഗത്തെത്തിയിരുന്നു. തോറ്റാല്‍ തോറ്റെന്ന് പറയണം, അതാണ് അന്തെസ്സെന്നും തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തോല്‍വി അംഗീകരിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ പരസ്യമായി നിരാകരിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്.









