കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പലയിടത്തും ബിജെപി മുന്നേറ്റം. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ബിജെപി മുന്നേറുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്നു. ആലുവ നഗരസഭയില്‍ യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ മുന്നേറുന്നുവെന്നാണ് സൂചന.
താനൂരില്‍ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് ജയം. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകള്‍ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട, പാല്‍ക്കുളങ്ങര, തൃച്ചംബരം എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. കോടതി മൊട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുജാത 306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാല്‍ക്കുളങ്ങരയില്‍ വത്സരാജന്‍ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തൃച്ചംബരത്ത് പി.വി സുരേഷ് 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.
കോഴിക്കോട് മുക്കം നഗരസഭയില്‍ എന്‍ഡിഎക്ക് രണ്ട് സീറ്റായി. സിപിഐഎമ്മിന്റെ സിറ്റിങ്ങ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. നെല്ലിക്കാപ്പൊയില്‍ ഡിവിഷനില്‍ നിന്ന് വിശ്വനാഥന്‍ (നികുഞ്ജം വിശ്വനാഥന്‍) നീലേശ്വരം ഡിവിഷനില്‍ നിന്നും എം ടി.വേണുഗോപാലന്‍ മാസ്റ്ററുമാണ് വിജയിച്ചത്.നീലേശ്വരം ഡിവിഷന്‍ നില നിര്‍ത്തിയപ്പോള്‍ നെല്ലിക്കാ പൊയില്‍ സിപിഐഎമ്മില്‍ നിന്നും സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
നിലമ്പൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ ബിജെപി അക്കൗണ്ട് തുറന്നു. നിലമ്പൂര്‍ നഗരസഭ രണ്ടാം വാര്‍ഡിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയനാരായണന്‍ വിജയിച്ചത്.
സംസ്ഥാനത്ത് 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാല്‍ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്തെ ആശങ്കളൊക്കെ കാറ്റില്‍ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്. ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മൂന്നിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയാണ്.