‘പാവ കഥൈ’കളിലെ ‘തങ്ക’ ത്തിന്റെ പുതിയ ടീസറിലെ പ്രകടനത്തിന് കൈയ്യടി നേടി കാളിദാസ് ജയറാം. കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസറിലെ കാളിദാസിന്റെ സത്താറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സത്താര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കാളിദാസ് എത്തുന്നത്. കാളിദാസിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനമായിരിക്കുമെന്നാണ് ടീസറിന് വരുന്ന കമന്റുകള്‍. ടീസറിലെ സത്താറിന്റെ പ്രകടനത്തിന് കൈയ്യടി നേടിയിരിക്കുകയാണ് താരം. ചിത്രത്തില്‍ കാളിദാസിനൊപ്പം ശാന്തനുവും പ്രധാന വേഷത്തില്‍ എത്തുന്നു.
നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി തമിഴകത്തെ മുന്‍നിര സംവിധായകരായ സുധാ കൊങ്കര, വെട്രിമാരന്‍, ഗൗതം വാസുദേവ് മേനോന്‍, വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജിയാണ് ‘പാവ കഥൈകള്‍’. ആർഎസ് വിപി മൂവീസും ഫ്‌ളൈയിങ് എന്റർടൈൻമെന്റും ചേർന്നാണ് നിർമ്മാണം. വ്യക്തിസ്വതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയം. ലോക്കഡൗണിനെ ആസ്പദമാക്കി ആമസോണ്‍ പ്രൈം ഒരുക്കിയ ‘പുത്തം പുതു കാലൈ’ എന്ന ആന്തോളജിയിലും സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ കാളിദാസായിരുന്നു പ്രധാന വേഷം ചെയ്തത്.


















