തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപി (45) ന്റെ അപകട മരണത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയത്. അപകടം നടന്ന സ്ഥലം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.10ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം ജങ്ഷനിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. അപ്പോള്‍ തന്നെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു. ഉന്നതരുള്‍പ്പെടുന്ന മാഫിയാ സംഘത്തിനെതിരേ പ്രദീപ് സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
പ്രദീപിന്റെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നു മരണം. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രദീപിനെ ഇടിച്ച വാഹനത്തെ കണ്ടുപിടിക്കാന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും തെളിവ് ലഭിച്ചില്ല.
കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപംവച്ച് പ്രദീപിന്റെ സ്‌കൂട്ടറിനെ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. നിലവില്‍ ഭാരത് ലൈവ് എന്ന ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്റോറിയല്‍ ഡയറക്ടറാണ്. മനോരമ ന്യൂസ്, കൈരളി, ജയ്ഹിന്ദ്, മംഗളം ചാനല്‍, ന്യൂസ് 18 കേരള എന്നിവയിലും നിരവധി ഓണ്‍ലൈന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.












