നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കല്‍ കാലാവധി ഡിസംബര്‍ 31വരെ നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
2021 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം നംവബര്‍ 16ന് ആരംഭിച്ചിരുന്നു. സമയപരിധി ഈ മാസം 15ന് അവസാനിക്കും.എന്നാല്‍ നിലവിലെ കേരളത്തിലെ പ്രത്യേക സാഹചര്യവും തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്നതിനാലും പലര്‍ക്കും നിശ്ചിത സമയപരിധിക്കുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവില്‍ ലിസ്റ്റിലുള്ളവര്‍ക്ക് നിയമാനുസൃതമായി മാറ്റങ്ങള്‍ വരുത്താനും കഴിയാത്ത സ്ഥിതിയാണ്. ഇത് പരിഗണിച്ച് സമയം ഈ മാസം 31 വരെ നീട്ടി നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണം.നവംബര്‍ 9ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചയോഗത്തില്‍ ഇതേ ആവശ്യം കോണ്‍ഗ്രസ് രേഖാമൂലം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പൗരന്റെ മൗലിക അവകാശമായ വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

















