റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ സൗദി നിര്‍ത്തിവെച്ച വിനോദപരിപാടികള്‍ ജനുവരിയില്‍ പുനരാരംഭിക്കും. ഗാനമേളകളും വിവിധ വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും ഉള്‍പ്പെടുന്ന മൂന്നുമാസം നീളുന്ന ഉത്സവത്തിനാണ് ജനുവരിയില്‍ റിയാദില്‍ തുടക്കമാകുന്നത്. ‘റിയാദ് ഒയാസിസ്’ എന്നാണ് മെഗാ ഇവന്റിന്റെ പേര്. ഇതിനു പിന്നാലെ രാജ്യത്തെ മറ്റു ഭാഗങ്ങളിലും വിനോദ പരിപാടികള്‍ നടത്തും. കോവിഡ് പ്രോട്ടോകോളുകള്‍ കര്‍ശനമായി പാലിച്ചാകും പരിപാടികള്‍. സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എണ്ണയിതര വരുമാനം ലക്ഷ്യംവെച്ചാണ് ഈ വര്‍ഷം തുടക്കത്തില്‍ രാജ്യത്ത് ആയിരത്തിലേറെ വിനോദപരിപാടികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, കോവിഡ് വ്യാപനത്തോടെ ഇവ നിര്‍ത്തിവെക്കേണ്ടിവന്നു. പുതിയ സാഹചര്യത്തില്‍ അവതരിപ്പിക്കാവുന്ന പരിപാടികളുടെ ആശയം സമര്‍പ്പിക്കാന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി അവസരമൊരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച 20 ആശയങ്ങള്‍ക്ക് സമ്മാനവും നല്‍കും.
‘റിയാദ് യാസിസ്’ ഉത്സവം വടക്കന്‍ റിയാദിലെ മൈതാനിയിലാണ് നടക്കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. ഇവന്റിന്റെ പ്രഖ്യാപനം ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ശൈഖ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. വിദേശികളും സ്വദേശികളും ഒരുപോലെയെത്തുന്ന പരിപാടികള്‍ വ്യത്യസ്ത പ്രമേയങ്ങളിലായിരിക്കും.