ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ക്ക് ഏതാനും ആഴ്ച്ചകള്‍ക്കകം അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ കമ്പനികള്‍ കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലായി 30 കോടി ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യ പരിഗണന. സംസ്ഥാനങ്ങളുമായി ആലോചിച്ച് വാക്‌സിന്‍ വിതരണ പദ്ധതി തയാറാക്കുമെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ഇതിനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാക്സിന്‍ നിര്‍മ്മാണം, വികരണം, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരിലേക്കും എത്തിക്കല്‍ എന്നിവയ്ക്ക് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് ആറു വാക്സിന്‍ നിര്‍മ്മാണ കമ്പനികളാണ് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ളത്.പ്രധാനമന്ത്രി വാക്സിന്‍ നിര്‍മ്മാണ കമ്പനികളുമായും ശാസ്ത്രജ്ഞരുമായും നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞര്‍ പച്ചക്കൊടി കാണിച്ചാല്‍ വാക്സിന്റെ വന്‍തോതിലുള്ള നിര്‍മ്മാണം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ 54 ശതമാനവും മഹാരാഷ്ട്ര, കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത് നാലു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്. ഇത് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ നാലു ശതമാനം മാത്രമാണ്. പോസിറ്റിവിറ്റി റേറ്റും രാജ്യത്ത് കുറയുകയാണ്. ലോകത്ത് കോവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും സെപ്റ്റംബര്‍ മധ്യം മുതല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ സ്ഥിരമായി കുറഞ്ഞു വരികയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 76,852 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളത്തില്‍ 59,607 പേരും, കര്‍ണാടകയില്‍ 24,786 പേരും പശ്ചിമബംഗാളില്‍ 23,829 പേരും ഡല്‍ഹിയില്‍ 22,486 പേരുമാണ് ചികില്‍സയിലുള്ളത് എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.