തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. സ്പീക്കര്‍ നടത്തിയ വിദേശയാത്രകള്‍ ദുരൂഹമാണെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.
ഇത്തരം അധോലോക സംഘങ്ങള്‍ക്ക് വേണ്ടി ഉന്നത പദവിയുടെ മഹത്വം കളങ്കപ്പെടുത്തിയതിന്റെ പാപ ഭാരമാണ് സര്‍ക്കാര്‍ പേറുന്നത്. മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും സ്വര്‍ണക്കടത്തിന് സഹായം നല്‍കി. പ്രധാന കുറ്റാരോപിതന്‍ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സ്പീക്കറുടെ വിദേശ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും നിരവധി യാത്രകളാണ് അദ്ദേഹം നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണം, ഡോളര്‍ കടത്തില്‍ സംസ്ഥാനത്തെ ഉന്നത പദവി വഹിക്കുന്ന നേതാവിന് ബന്ധമുണ്ടെന്ന, കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തന്റെയും മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
മൊഴിയില്‍ പറയുന്ന ഉന്നതന്‍ ഈശ്വരന്റെ പര്യായമുള്ള ഒരാളെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്പീക്കര്‍ക്കെതിരെ ആരോപണവുമായി സുരേന്ദ്രന്‍ വീണ്ടും രംഗത്തെത്തിയത്.











