തിരുവനന്തപുരം: കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവില്‍ കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആര്‍ടിസിയും. ഇതിന് വേണ്ടി കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സര്‍വ്വീസ് 2021 ജനുവരി 1 മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സര്‍വ്വീസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്‌ലോര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്റുകളില്‍ ഒരു മണിക്കൂര്‍ വരെ ചിലവഴിക്കാന്‍ അവസരം നല്‍കും. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തും.
ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതല്‍ 3 ദിവസം മൂന്നാറിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സര്‍വ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.