പൂനെ: ഫൈസറിന് പിന്നാലെ കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അനുമതിക്കായി ഡ്രഗ്‌സ് കണ്‍ട്രേള്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.
കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഐസിഎംആര്‍ കണക്കനുസരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം നാല് മില്യണ്‍ ഡോസ് പുറത്തിറക്കിയിട്ടുണ്ട്. ഡിസംബറോടെ പത്തു കോടി ഡോസുകള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസ്‌നൈക്കയുമായി ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന്‍ പുറത്തിറക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസറും ഡ്രഗ്‌സ് കണ്‍ട്രേള്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. യുകെയിലും ബഹ്റൈനിലും ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇത്. 95 ശതമാനം വിജയം കണ്ടാതായി അവകാശപ്പെടുന്ന വാക്സിനാണ് ഫൈസറിന്റേത്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.