ജനീവ: കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ അനുകൂല ഫലം നല്‍കിതുടങ്ങിയതിന് പിന്നാലെ കോവിഡിന്റെ പരിസമാപ്തിക്കായി സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സമ്പന്നവും ശക്തവുമായ രാജ്യങ്ങള്‍ വാസിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മനുഷ്യന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ് കാലം നമുക്ക് കാണിച്ചുതന്നു. സഹാനുഭൂതിയും നിസ്വാര്‍ത്ഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവര്‍ത്തികളും, ഗവേഷണങ്ങളുടെയും പുത്തന്‍ ആവിഷ്‌കാരങ്ങളുടെയും അത്ഭുതപൂര്‍ണമായ നേട്ടങ്ങളും ഈ സമയത്തുണ്ടായി. അതോടൊപ്പം തന്നെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും പഴിചാരലുകളുടെയും ഭിന്നതയുടെയും കാഴ്ചകളും ലോകം കണ്ടു’- ടെഡ്രോസ് അഥനോം പറഞ്ഞു.
ഇരുട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള വെളിച്ചം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു കൊവിഡ് വാക്സിന്‍ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. വാക്സിനുകള്‍ സ്വകാര്യ വസ്തുവായല്ല മറിച്ച് പൊതുവസ്തുവെന്ന പോലെ പങ്കിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും മുമ്പാണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











