ദുബായ്: ഇരുപത് വര്‍ഷത്തിനിടെ ദുബായില്‍ എണ്ണയിതര വിദേശവ്യാപാര ഇടപാടില്‍ പത്തിരട്ടി വര്‍ധനയുണ്ടായതായി കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബിഹ് വ്യക്തമാക്കി. 2000ല്‍ 14,300 കോടി ദിര്‍ഹമായിരുന്നെങ്കില്‍ 2019ല്‍ 1.271 ലക്ഷം കോടി. ഈ വര്‍ഷം ആദ്യത്തെ 6 മാസം 55,100 കോടിയുടെ ഇടപാട് നടന്നതായും ദുബായ് കസ്റ്റംസ് അറിയിച്ചു. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും എണ്ണയിതര മേഖലയില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ഇന്ത്യയുമായി 3,850 കോടി ദിര്‍ഹത്തിന്റെ ഇടപാട് നടത്തി.
ഭക്ഷ്യമേഖലയിലടക്കം സഹകരണം കൂടുതല്‍ ശക്തമാകുകയാണ്. ലളിതവും സുതാര്യവുമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതിനാല്‍ പുനര്‍കയറ്റുമതിയിലും വര്‍ധന രേഖപ്പെടുത്തുന്നതായി ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. 2015 മുതല്‍ 2019 വരെ കസ്റ്റംസ് ഇടപാടുകളില്‍ 44% വര്‍ധന രേഖപ്പെടുത്തി.
89 ലക്ഷത്തില്‍ നിന്ന് 1.3 കോടിയായി. ഈ വര്‍ഷം ആദ്യപകുതിയില്‍ 72.52 ലക്ഷം ഇടപാട് നടന്നു. കുറഞ്ഞ ചെലവിലും കൂടുതല്‍ വേഗത്തിലുമുള്ള ചരക്കു നീക്കത്തിന് വെര്‍ച്വല്‍ കോറിഡോര്‍ ഒരുക്കി. സ്റ്റോക്കിനെക്കുറിച്ചും മറ്റും കൃത്യവിവരങ്ങള്‍ അറിയാം. 24 ഫ്രീസോണുകളിലെ 18,000ല്‍ ഏറെ കമ്പനികള്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നതായും അധികൃതര്‍ വ്യക്തമാക്കി.