മുംബൈ: ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. ഐപിഎല്‍ പതിമൂന്നാം എഡിഷന്‍ യുഎഇയില്‍ അവസാനിച്ചതിന് പിന്നാലെ ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. രണ്ട് ടീമുകളെ കൂടി കാണ്ടു വരുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുത്തതായും ഈ മാസം 24 ന് നടക്കാനിരിക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കുമെന്നാണ് ഓണ്‍ലൈന്‍ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിസിസിഐയുടെ അനുബന്ധ യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടറി ജയ് അയച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റു 23 കാര്യങ്ങള്‍ കൂടി വാര്‍ഷിക യോഗത്തില്‍ ചര്‍ച്ചക്ക് വരും. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്. അതേസമയം ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഉറപ്പായെങ്കിലും അത് ഏതൊക്കെ നഗരങ്ങളില്‍ നിന്നായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഒരു ടീം അഹമ്മദാബാദ് ആസ്ഥാനമാക്കി ആയിരിക്കുമെന്നാണ് സൂചന.












