തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ നാല് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അന്നേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതായാണ് വിവരം. ചുഴലിക്കാറ്റാകാനുളള സാധ്യതയുളളതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഡിസംബര്‍ 2ന് ശ്രീലങ്കന്‍ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സുരക്ഷാ നിര്‍ദേശങ്ങള്‍
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.
- കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടത്തിന് സാധ്യത.
- വീടുകളുടെ മേല്‍ക്കൂരകളില്‍ കേടുപാടുകളോ ദ്വാരങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തുക.
- കാറ്റടിക്കുന്ന സാഹചര്യത്തില്‍ വാതിലുകളും ജനാലകളും അടച്ചിടുക.
- കാറ്റിലും മഴയിലും ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ള മരച്ചില്ലകളും ശാഖകളും വെട്ടി ഒതുക്കുക.
- അപകടാവസ്ഥകള്‍ 1077 എന്ന നമ്പറില്‍ വിളിച്ച് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുക.
- ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറേണ്ട ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുക.












