രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മാസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം ഒടുവില്‍ ഡല്‍ഹിയിലേക്ക് വ്യാപിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെയാണ് അവര്‍ സമരത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. കര്‍ഷകര്‍ തങ്ങളുടെ പ്രശ്‌നങ്ങളുന്നയിച്ചു കൊണ്ട് തലസ്ഥാനമായ ഡല്‍ഹിയിലേക്ക് നീങ്ങുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ല.
പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് `ഡല്‍ഹി ചലോ’ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സമരക്കാരെ ശാരീരികമായി നേരിടാനാണ് പൊലീസ് ശ്രമിച്ചത്. ജലപീരങ്കിയും ഗ്രനേഡും ലാത്തിയും ഉപയോഗിച്ച് ഇവരെ വിരട്ടിയോടിക്കാനുള്ള ശ്രമം പക്ഷേ പരാജയപ്പെട്ടു. കര്‍ഷകര്‍ക്ക് നേതൃത്വം നല്‍കിയ യോഗേന്ദ്ര യാദവ്, മേധാ പട്‌കര്‍, കിസാന്‍ സഭ സെക്രട്ടറി പി.കൃഷ്‌ണപ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളെ അറസ്റ്റ് ചെയ്‌തും ഒട്ടേറെ പേരെ പരിക്കേല്‍പ്പിച്ചും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ച ഹരിയാന പൊലീസിന്റെ ശ്രമം ഫലം കണ്ടില്ല. കര്‍ഷകരെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ആദ്യം പൊലീസ് സമ്മതിച്ചില്ലെങ്കിലും സമര നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ ഒത്തുകൂടാന്‍ ഒടുവില്‍ അനുമതി നല്‍കി.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയും കരിനിയമങ്ങള്‍ പിന്‍വലിക്കാതെയും കേന്ദ്രസര്‍ക്കാരിന് നിര്‍വാഹമില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
രണ്ട് വര്‍ഷം മുമ്പും ഇതുപോലൊരു കര്‍ഷക പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. അന്നും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് സമരത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ആ ശ്രമം വിജയിക്കാതെ പോയപ്പോള്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി മിക്ക ആവശ്യങ്ങളും അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. അന്ന് കര്‍ഷക സരമത്തിന് മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാര്‍ പക്ഷേ അംഗീകരിച്ച എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാന്‍ തയാറായില്ല. മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയി.
രണ്ട് വര്‍ഷം മുമ്പ് നടന്നതിന് സമാനമാണെങ്കിലും വ്യത്യസ്‌തമായതും കൂടുതല്‍ ഗൗരവമുള്ളതുമായ സാഹചര്യത്തിലാണ് കര്‍ഷക പ്രക്ഷോഭം ഇപ്പോള്‍ നടക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഈ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയ സമയത്തു തന്നെ തുടങ്ങിയ പ്രതിഷേധത്തിനെതിരെ നിഷേധാത്മകമായ സമീപനമാണ് ആദ്യം മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. പഞ്ചാബില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി റെയില്‍ തടഞ്ഞപ്പോള്‍ ആ സംസ്ഥാനത്തേക്കുള്ള ചരക്കു ഗതാഗതം തന്നെ നിര്‍ത്തിെവച്ച് അവരെ ഒറ്റപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സമരമാണ് ഇപ്പോള്‍ സംഘടിത രൂപമാര്‍ജിച്ച് ഡല്‍ഹിയിലേക്ക് വ്യാപിച്ചിരിക്കുന്നത്.
ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണമേ ചെയ്യൂ എന്ന അവകാശവാദത്തോടെയാണ് കഴിഞ്ഞ സെപ്‌റ്റംബറില്‍ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയെടുത്തത്. കര്‍ഷക നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത കമ്പോളം തുറക്കുന്നതിന് വഴിതുറക്കുന്നതോടെ തങ്ങള്‍ക്ക് മതിയായ വില കിട്ടാതാവുമെന്ന ഭീതിയാണ് സമരം നടത്താന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. കമ്പോളത്തിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ വിപണിയെ ഭരിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും ഇത് തീര്‍ച്ചയായും തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമല്ല സൃഷ്‌ടിക്കുകയെന്നും കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു.
ഡല്‍ഹിയിലേക്ക് സമരം വ്യാപിച്ച സാഹചര്യത്തില്‍ 2018ല്‍ നടന്നതു പോലെ കര്‍ഷകരെ അനുനയിപ്പിക്കാനായി ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി നടിക്കുക എന്ന തന്ത്രം ഇത്തവണയും കേന്ദ്രസര്‍ക്കാര്‍ പയറ്റാന്‍ സാധ്യതയുണ്ട്. പാര്‍ലമെന്റില്‍ ആവശ്യമായ ചര്‍ച്ചകള്‍ പോലും നടത്താതെ കേന്ദ്രസര്‍ക്കാര്‍ ധൃതിയില്‍ നിയമങ്ങള്‍ പാസാക്കിയെടുത്തത് അവരുടെ നിക്ഷിപ്‌ത താല്‍പ്പര്യത്തെയാണ് വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ആ നിയമങ്ങള്‍ പിന്‍വലിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തും. നാട്യങ്ങള്‍ അലങ്കാരമാക്കിയ മന്ത്രിമാര്‍ വീണ്ടും അനുനയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണെങ്കില്‍ അതിന്റെ പിന്നിലെ കുത്സിതലക്ഷ്യങ്ങള്‍ കൂടി സമര നേതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.




















