കോഴിക്കോട്: ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 26 ന് കോഴിക്കോട് ആരംഭിക്കുന്നു. ധവള വിപ്ലവം എന്ന ഏറ്റവും വലിയ ക്ഷീര വിപ്ലവ പദ്ധതിക്ക് തുടക്കമിട്ട് അതിലൂടെ പാലുത്പ്പാദനത്തില്‍ രാജ്യത്തെ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ മലയാളിയായ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
ജന്മശതാബ്ദി വര്‍ഷത്തില്‍ ഡോ.വര്‍ഗ്ഗീസ് കുര്യന് മരണാന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് മില്‍മയുടേയും മേഖലാ യൂണിയനുകളുടേയും ആഭിമുഖ്യത്തില്‍ കേരളത്തിലെ 3500 ല്‍ പരം ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും ഒരു ലക്ഷത്തില്‍ പരം ക്ഷീര കര്‍ഷകര്‍ ഒപ്പിട്ട് കത്ത് പ്രധാനമന്ത്രിക്ക് അയക്കും. നവംബര്‍ 26 ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഡോ.കുര്യന്റെ ചിത്രം അനാഛാദനം ചെയ്ത് ദീപം തെളിയിക്കും. കേരള വെറ്റിറിനറി & അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. കുര്യന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 5 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനു വേണ്ടി മില്‍മയും മൂന്ന് മേഖലാ യൂണിയനുകളും ഒട്ടേറെ സഹായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരുന്നു. മില്‍മ കാലിത്തീറ്റക്ക് ചാക്കൊന്നിന് 40 രൂപ കിഴിവ് നല്‍കി കൊണ്ടാണ് കാലിത്തീറ്റ ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്തത്. ഈ ഇനത്തില്‍ 3.36 കോടി രൂപ മില്‍മ സബ്‌സിഡിയായി ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുകയുണ്ടായി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാലിന്റെ സംഭരണം കൂടുകയും വിപണനം കുറയുകയും ചെയ്തു. മലബാര്‍ മേഖലാ യൂണിയനില്‍ അധികം വരുന്ന പാല്‍ നഷ്ടം സഹിച്ചുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ അയച്ച് പാല്‍ പൊടിയാക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ മൂവായിരത്തി അഞ്ഞൂറില്‍ലേറെ ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്.
അവയിലെല്ലാം കൂടി പത്ത് ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്. ഇവരില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ വനിതകളാണെന്ന കാര്യം ശ്രദ്ധേയമാണ്. പ്രതിദിനം ശരാശരി പതിനാലാര ലക്ഷത്തിലധികം പാല്‍ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നുണ്ട്. പാല്‍ വില കൃത്യമായി കര്‍ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഡോ.കുര്യന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2020 നവംബര്‍ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കുന്നമംഗലത്തുളള മലബാര്‍ മേഖലാ യൂണിയന്റെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ഡോ.കുര്യന്റെ മകള്‍ നിര്‍മ്മല കുര്യന്‍ അനുസ്മരണ പ്രഭാഷണവും നടത്തുന്നതും ഡോ.കുര്യന്റെ പ്രതിമ അനാഛാദനവും നടത്തും.
ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പുറത്തിറക്കുന്ന പ്രത്യേക തപാല്‍ കവര്‍ കേരള വെറ്റിറിനറി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.എം.ആര്‍.രവീന്ദ്രനാഥ് പുറത്തിറക്കുന്നതാണ്. പരിപാടിയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.











