തിരുവനന്തപുരം: പോലീസ് നിയമം ഫാസിസമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദരാക്കുകയാണ്. കരിനിയമം മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണ്. സര്‍ക്കാരിനെതിരായ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ പത്രമാരണ നിയമം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിലടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, പോലീസ് നിയമഭേദഗതിയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനത്തിനോ എതിരല്ല. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നീചമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്നു. വ്യക്തിഗത ചാനലുകള്‍ക്കെതിരെ പ്രമുഖരടക്കം പരാതി നല്‍കിയിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. കേരള പോലീസ് നിയമത്തില്‍ 118 (എ) എന്ന പുതിയ വകുപ്പ് ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതായി ഖാന്റെ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്തും.











