ഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് ബയോടെക് കമ്പനിയുടെ കോവാക്‌സിന്‍ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ചയുണ്ടായതായി സൂചന. ആദ്യഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച യുവാവിന് രണ്ടു ദിവസത്തിനിടെ ന്യൂമോണിയ പിടിപെട്ടിട്ടും, പരീക്ഷണം തുടരുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദരാബാദിലാണ് വാക്‌സിന്‍ സ്വീകരിച്ച 35കാരന് രണ്ടുദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചത്. ഇയാള്‍ ഒരാഴ്ച ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷമാണ് വീട്ടിലേക്കു മടങ്ങിയത്. നേരത്തെ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന യുവാവിനാണ് വാക്‌സിന്‍ സ്വീകരിച്ചതോടെ ന്യൂമോണിയ പിടിപെട്ടത്.
സാധാരണഗതിയില്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍, പരീക്ഷണം നിര്‍ത്തിവെക്കുകയും ഇക്കാര്യം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഭാരത് ബയോടെക് ഇത് പാലിച്ചില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. രാജ്യത്ത് വാക്‌സിന്‍ വികസിപ്പിക്കുന്ന മറ്റു കമ്പനികളൊക്കെ വിപരീതഫലം ഉണ്ടായപ്പോള്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഭാരത് ബയോടെക്, ഇതു വകവെക്കാതെ രണ്ടും മൂന്നു ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയായിരുന്നു.
എന്നാല്‍, ഈ സംഭവം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ 24 മണിക്കൂറിനുള്ളില്‍ അറിയിച്ചിരുന്നതായി ഭാരത് ബയോടെക് വ്യകതമാക്കുന്നു.