തിരുവനന്തപുരം; തിങ്കളാഴ്ച രാവിലെ കടമ്പാട്ടുകോണത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി പ്രാഥമിക അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ AT 361 FP എന്ന ബസ് നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് സര്‍വ്വീസ് നടത്തുന്നതിന് ഇടയില്‍ കടമ്പാട്ടുകോണത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന 22 യാത്രക്കാര്‍ക്ക് പരിക്കു പറ്റിയതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. കണ്ടക്ടര്‍ വി. ആര്‍ മിഥുനും, ഡ്രൈവര്‍ അഭിലാഷും സുരക്ഷിതരാണ്. വളരെ ചെറിയ പരിക്കുകള്‍ മാത്രമാണ് ഇരുവര്‍ക്കും ഉള്ളത്.
ബസ് നിയന്ത്രണം വിട്ട് സമീപത്തെ കലുങ്ങില്‍ ഇടിച്ച് നിന്നയുടന്‍ മറിയുകയായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ അപകടം ഉണ്ടാകാതിരുന്നത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് കെ.എസ.ആര്‍.ടി.സി സിഎംഡി, ഇഡിഒ, എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും ഏകോപനവും വേഗത്തില്‍ നടത്തി. ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എംടി ശ്രീലാലിനായിരുന്നു തുടര്‍ നടപടികളുടെ ഏകോപന ചുമതല. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരായ എഡബ്ലയുഎം, കൊല്ലം എഡിഇ, ചാത്തന്നൂര്‍ എഡിഇ, ചാത്തന്നൂര്‍ ജനറല്‍ കണ്‍ട്രോളിങ് ,ഇന്‍സ്‌പെക്ടര്‍ ആറ്റിങ്ങല്‍ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, ചാത്തന്നൂര്‍ എടിഒ, ആറ്റിങ്ങല്‍ എറ്റിഒ, നെടുമങ്ങാട് ഡിറ്റിഒ, കൊല്ലം ഐസി, എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.