ജിദ്ദ: സൗദി വിമാനത്താവളങ്ങളില്‍ വിരലടയാളത്തിന് പകരം നേത്രപടലം അടയാളമായി സ്വീകരിക്കാനൊരുങ്ങി പാസ്‌പോര്‍ട്ട് വിഭാഗം. വിദേശത്ത് നിന്നെത്തുന്നവരുടെ വിരലടയാളം എമിഗ്രേഷനില്‍ സ്വീകരിക്കുന്നതിന് പകരം കണ്ണിലെ ഐറിസ് അഥവാ നേത്രപടലം അടയാളമായി സ്വീകരിക്കാനാണ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ശ്രമം. പുതിയ മാര്‍ഗ്ഗത്തിലൂടെ സുരക്ഷ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിരലടയാളം വ്യക്തിക്ക് പ്രായമാകുന്നതിന് അനുസരിച്ച് മാറും.മരണം വരെ നേത്രപടലത്തില്‍ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇടത് വലത് കണ്ണുകളിലെ നേത്രപടലങ്ങളും വ്യത്യസ്തമാണ്. ഇവ ശേഖരിച്ചു വെക്കുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നാണ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കി. യാത്രാ വിലക്കുള്ളവര്‍ രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ പുതിയ പരിഷ്‌കാരം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നു മുതല്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.



















