കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 16 വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ അഭിഭാഷകന്‍ ക്വാറന്റൈനിലായതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെച്ചത്. വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടി വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.പ്രതിഭാഗത്തെ അഭിഭാഷകര്‍ കോടതി മുറിയിയില്‍ തന്നെ മാനസികമായി തേജോവദം ചെയ്തെന്നും പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. സുപ്രധാന മൊഴികള്‍ കോടതി രേഖപ്പെടുത്തിയില്ലായെന്നത് എന്തുകൊണ്ട് വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.











