തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പല മേഖലകളിലേയും പണമിടപാടുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്. ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരും വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും നിരവധി ഇളവുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം ഇളവുകളില്‍ നിന്ന് അകലം പാലിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു സ്ഥലത്ത് യാത്ര ചെയ്യാന്‍ പല നിരക്കിലാണ് ടിക്കറ്റ് ലഭ്യമാകുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് റെയില്‍വേ കൗണ്ടര്‍ വഴി ടിക്കറ്റെടുത്താല്‍ 80 രൂപ നല്‍കണം. എന്നാല്‍ ഗൂഗിള്‍ പേ വഴിയാണെങ്കില്‍ 103 രൂപയും ഐആര്‍സിടിസി വഴി ബുക്ക് ചെയ്താല്‍ 120 രൂപയുമാണ് നല്‍കേണ്ടത്. 20 മുതല്‍ 40 രൂപ വരെ അധികം നല്‍കേണ്ട അവസ്ഥയാണ് പലര്‍ക്കും. ഇതുപോലെ പല സ്ഥലത്തേക്കുള്ള ടിക്കറ്റ് നിരക്കിലും സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ വലിയ തുകയാണ് ഈടാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആശ്രയിക്കുന്ന സൈറ്റുകളെ അനുസരിച്ചാണ് നിരക്കുകള്‍.
കോവിഡ് കാലത്ത് സമ്പര്‍ക്കവും സാമൂഹിക അകലവും ഒഴിവാക്കാനായി ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ സംവിധാനം യാത്രക്കാര്‍ ഉപയോഗിക്കാന്‍ തയ്യാറാകുകയാണ്. എന്നാല്‍ അവര്‍ക്കായി ഒരുതരത്തിലുള്ള ഇളവുകളും റെയില്‍വെ നല്‍കുന്നുമില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ സാധാരണക്കാര്‍ക്ക് ഇത് താങ്ങാവുന്നതില്‍ അപ്പുറമാണ്.
ഇതിനിടെ, രാജ്യത്തെ 121 സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് 10 രൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ തിരുപ്പതി, നെല്ലൂര്‍, ഗ്വാളിയര്‍, പുതുച്ചേരി, ഡെറാഡൂണ്‍, ചണ്ഡീഗഢ്, നാഗ്പൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാകും വര്‍ധന. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും വര്‍ധന പ്രാബല്യത്തില്‍ വരും. ഈ സ്റ്റേഷനുകളില്‍ നിന്ന് യാത്രചെയ്യുന്ന യാത്രക്കാരില്‍ നിന്നും ടിക്കറ്റ് നിരക്ക് കൂടാതെ യൂസര്‍ ഡെവലെപ്‌മെന്റ് ഫീസും(യുഡിഎഫ്) ചുമത്തും.
സ്‌റ്റേഷന്‍, പ്ലാറ്റ്‌ഫോം വികസനം എന്ന പേരില്‍ യാത്രക്കാരില്‍ നിന്ന് അധികം തുക ഈടാക്കി ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി ഈ കോവിഡ് കാലത്തെങ്കിലും റെയില്‍വേ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് യാത്രക്കാര്‍.