ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്നും ഒഴിഞ്ഞു മാറുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ബിനീഷ് തയ്യാറാകുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസം 11 മണിക്കൂറോളമാണ് അന്വേഷണ സംഘം ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് സഹകരിക്കാത്തതാണ് ചോദ്യം ചെയ്യല്‍ നീളാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഇടപാടില്‍ ബിനീഷിന് അറിവുണ്ടെന്ന് തെളിഞ്ഞാല്‍ എന്‍സിബിയെ വിവരം അറിയിക്കുമെന്നും ഇഡി വ്യക്തമാക്കി.