യു.എ.ഇ: അബുദാബിയിലെ എല്ലാ താമസക്കാര്‍ക്കും സൗജന്യ ഫ്‌ളൂ വാക്‌സിനേഷന്‍നല്‍കുമെന്ന് അബുദാബി ഹെല്‍ത്ത സര്‍വീസസ് കമ്പനി തിങ്കളാഴ്ച അറിയിച്ചു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഡ്രൈവ്-ത്രൂ ഓപ്ഷന്‍ സൗകര്യവും ലഭ്യമാണ്. ആവശ്യമെങ്കില്‍ അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ താമസക്കാരുടെ വീടുകളിലെത്തിയും കുത്തിവെപ്പ് നടത്തും. പശ്ചിമ അബൂദബിയില്‍ വീടുകളിലെത്തി വാക്സിനേഷന്‍ നല്‍കല്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എന്നിവ സംയുക്തമായി ആരംഭിച്ച ‘സ്വയം സുരക്ഷിതമാകൂ, സമൂഹത്തെ സംരക്ഷിക്കൂ’ എന്ന പൊതുജനാരോഗ്യ കാമ്പയിനിന്റെ ഭാഗമായാണ് പകര്‍ച്ചപ്പനി കുത്തിവെപ്പ് സൗജന്യമായി നല്‍കുന്നത്.സീസണല്‍ ഇന്‍ഫ്‌ളുവന്‍സ തടയുന്നതില്‍ പ്രതിരോധ കുത്തിവെപ്പിന്റെ പങ്കിനെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത കാമ്പയിന്‍ നടക്കുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ രോഗപ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം പരമാവധി ജനങ്ങളിലെത്തിക്കും. വാക്സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനുള്ള സമയം ബുക്ക് ചെയ്യാന്‍ 80050 എന്ന സെഹയുടെ കാള്‍ സെന്ററില്‍ വിളിക്കാം.കോവിഡ്-19 ടെസ്റ്റിനായി സെഹയുടെ ഏതെങ്കിലും സൗകര്യങ്ങള്‍ സന്ദര്‍ശിക്കുന്ന രോഗികള്‍ക്ക് പകര്‍ച്ചപ്പനി വാക്സിന്‍ എടുക്കുന്നതിനും അവസരം നല്‍കും.