ജിദ്ദ: മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിയാദ് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ 36 അനധികൃത സ്ഥാപനങ്ങള്‍ അടപ്പിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്വദേശികള്‍ക്ക് സംവരണം ചെയ്ത തസ്തികയില്‍ ജോലി ചെയ്തുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 44 വിദേശ തൊഴിലാളികളെ സംഘം പിടികൂടി.
ലേഡീസ് ഷോപ്പില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയോഗിച്ചതും പരിശോധനയോട് സഹകരിക്കാത്തതും ഉള്‍പ്പെടെ പത്തോളം നിയമ ലംഘനങ്ങള്‍ ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ അറിയപ്പെട്ട മാര്‍ക്കറ്റില്‍ സ്വദേശിവത്കരണ, വനിതാവത്കരണ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താന്‍ 180 റെയ്ഡുകളാണ് സംഘം നടത്തിയത്.



















