ഗള്‍ഫ് ഇന്ത്യന്‍സ്.കോം
കോണ്‍ഗ്രസ്സ് സംഘടനയുടെ സമീപകാല ചരിത്രത്തിലുണ്ടായ ഏറ്റവും നിര്‍ണ്ണായകമായ നിരീക്ഷണമായിരുന്നു രമേശ് ചെന്നിത്തല വ്യാഴാഴ്ച നടത്തിയത്. ‘റോയല്‍ ഫാമിലി’-യിലെ (1) നിയുക്ത രാജാവിനെപ്പറ്റി ഇത്രയും വ്യക്തതയോടെ അളന്നു മുറിച്ച ഭാഷയില്‍ ഒരു കോണ്‍ഗ്രസ്സ് നേതാവും അടുത്തകാലത്ത് സംസാരിച്ചിട്ടില്ല. കേരളത്തിലെ നേതാക്കളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. അപ്പോഴാണ് വെള്ളിടി പോലെയുള്ള ചെന്നിത്തലയുടെ വാക്കുകള്‍ വരുന്നത്. സാധാരണഗതിയില്‍ ദിവസങ്ങള്‍ നീളുന്ന ആഘോഷമാകേണ്ട ചെന്നിത്തലയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ പറ്റെ അവഗണിച്ചുവെങ്കിലും അവയുടെ രാഷ്ട്രീയ പ്രസക്തി ഒട്ടും കുറയുന്നില്ല.
‘കേരളത്തിലെ രാഷ്ട്രീയം രാഹുല്‍ ഗാന്ധി പറയണ്ട. അതിന് ഞങ്ങളെല്ലാം ഇവിടെയുണ്ട്’ എന്നാണ് ചെന്നിത്തല പറഞ്ഞത്. ഒരു പരിധിക്കപ്പുറം കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളില്‍ രാഹുല്‍ ഇടപെടേണ്ട എന്നാണ് അതിന്റെ പൊരുള്‍. ചെന്നിത്തലയുടെ അളന്നു കുറിച്ച വാക്കുകളുടെ രാഷ്ട്രീയ വിവക്ഷകള്‍ സംസ്ഥാന-ദേശീയ തലങ്ങളില്‍ എന്താവും എന്ന ചോദ്യം പ്രധാനമാവുന്നതിന്റെ കാരണം ഇതാണ്. രണ്ടു കാര്യങ്ങളില്‍ ചെന്നിത്തലയുടെ വാക്കുകള്‍ സംസ്ഥാനതലത്തില്‍ അടിയന്തര പ്രാധാന്യം നേടുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പു സമവാക്യങ്ങളില്‍ ‘ഐ’ ഗ്രൂപ്പിന്റെ സാരഥ്യം മറ്റാരും മോഹിക്കേണ്ടതില്ലെന്ന തുറന്ന പ്രഖ്യാപനമാണ് ഒന്നാമത്തെ കാര്യം. ഹൈക്കമാന്‍ഡുമായുള്ള അടുപ്പത്തിന്റെ ബലത്തില്‍ കേരളത്തില്‍ സ്വന്തം പദവികള്‍ ഉറപ്പിക്കുന്നതിനായി നിഴല്‍യുദ്ധം നടത്തുന്ന നേതാക്കള്‍ അധികം നെഗളിക്കണ്ട എന്നാണ് രണ്ടാമത്തെ കാര്യം. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വരെയുളള നേതാക്കള്‍ ചെന്നിത്തലയുടെ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നു നിരീക്ഷിക്കുക കൗതുകകരമായിരിക്കും.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല തികഞ്ഞ പരാജയമാണെന്ന ബോധപൂര്‍വ്വമായ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ വേണം അദ്ദേഹത്തിന്റെ വാക്കുകളെ വിലയിരുത്തേണ്ടത്. ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ നീക്കുപോക്കുകളിലും തന്റെ സാന്നിദ്ധ്യം അവഗണിക്കാനാവില്ലെന്ന സന്ദേശവും അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്. ആംഗലേയ ശൈലിയില്‍ പറഞ്ഞാല്‍ ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ പോയിന്റ് ഓഫ് ഡിപാര്‍ച്ചര്‍ (വിടുതല്‍ മുഹൂര്‍ത്തം) ആയി ഈ സമീപനത്തെ കണക്കാക്കിയാല്‍ ദേശീയതലത്തില്‍ എന്തായിരിക്കും അതിന്റെ പ്രസക്തി. ചെന്നിത്തലയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയിലെ മറ്റു പ്രവിശ്യകളിലെ കോണ്‍ഗ്രസ്സ് നേതാക്കളും അവരവരുടെ അഭിപ്രായ സ്വാതന്ത്യശേഷി ഇമ്മട്ടില്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്‍ഡ് സംസ്‌ക്കാരത്തിന് നേരെ ഉയരുന്ന ശക്തമായ വെല്ലുവിളിയാവും അതെന്ന കാര്യത്തില്‍ സംശയമില്ല. സംഘടന തെരഞ്ഞെടുപ്പ് അടക്കം പാര്‍ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അടിമുടി മാറ്റം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി 21 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയതിന്റെ അലയൊലികള്‍ ഇനിയും അവസാനിക്കാത്ത പശ്ചാത്തലത്തില്‍ ചെന്നിത്തലയുടെ വാക്കുകളെ പൂര്‍ണ്ണമായും അവഗണിക്കാനാവില്ല.

രാഹുല്‍ ഗാന്ധിയുടെ വീക്ഷണങ്ങളോടുള്ള എതിര്‍പ്പല്ല താന്‍ പ്രകടിപ്പിച്ചതെന്നു ചെന്നിത്തല പിന്നീടു ഭംഗിവാക്കുകള്‍ പറഞ്ഞെങ്കിലും അവസാനവാക്ക് ഹൈക്കമാന്‍ഡിനാവും എന്ന ശൈലി മാറ്റമില്ലാതെ പഴയതുപോലെ തുടരുമെന്നു കരുതാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. ഇത്തരമൊരു വീക്ഷണം പ്രകടിപ്പിക്കുന്നതിന് ചെന്നിത്തല തെരഞ്ഞെടുത്ത സമയം പെര്‍ഫെക്ട് ആണെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും അതിനു ശേഷം നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ആരവം മൂര്‍ദ്ധന്യത്തിലെത്തുന്നതിനും മുമ്പ് തന്റെ നേതൃത്വം ഉറപ്പിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു തടയിടാന്‍ ഹൈക്കമാന്‍ഡിന്റെ നിഴലില്‍ കോപ്പു കൂട്ടുന്നവര്‍ക്കുള്ള മുന്നറിയിപ്പിനുള്ള സമയം ഇതുതന്നെയാണ്. തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് അടുക്കുന്തോറും കേരളത്തിലെ കോണ്‍ഗ്രസ്സിലും, മുന്നണിയിലും രൂപപ്പെടാനിരിക്കുന്ന വിവിധയിനം അധികാരബ്ലോക്കുകള്‍ തമ്മിലുള്ള സമവാക്യങ്ങളെ പറ്റി ഏകദേശധാരണ രൂപീകരിക്കുന്നതിനും ചെന്നിത്തലയുടെ വാക്കുകള്‍ ഉപകരിക്കും. ഈ സംഭവവികാസങ്ങളെ പറ്റിയുള്ള ബിജെപി-യുടെയും കാവി ബ്രിഗേഡിന്റെയും വീക്ഷണങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാവും.
റോയല്‍ ഫാമിലി പ്രയോഗത്തിന് എം.പി. നാരായണ പിള്ളയോട് കടപ്പാട് …


















