കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം.ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി എന്‍ഐഎ കോടതി. നിലവില്‍ ശിവശങ്കര്‍ പ്രതിയല്ലെന്നും പ്രതി ചേര്‍ക്കുന്നകാര്യം ആലോചിക്കാത്തതിനാല്‍ ജാമ്യഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.
വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശിവശങ്കര്‍ എന്‍ഐഎ കോടതിയെ സമീപിച്ചത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ശിവശങ്കര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് കേസുകളില്‍ ശിവശങ്കറിന്റെ അറസ്റ്റ് കോടതി വെള്ളിയാഴ്ച വരെ തടഞ്ഞിരുന്നു.
അതേസമയം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കുമെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.