കെ.അരവിന്ദ്
ലോക്‌ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന ഒട്ടേറെ പേരാണ് പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് ഓഹരി വ്യാപാരം തുടങ്ങിയത്. ഇത് പ്രമുഖ ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്‌എല്ലിന്റെ ബിസിനസില്‍ മികച്ച വളര്‍ച്ചയ്‌ക്കാണ് വഴിയൊരുക്കിയത്. ഇത് ഈ ഓഹരിയുടെ വില ശക്തമായി ഉയരുന്നതിന് വഴിയൊരുക്കി.
നൂറ് ശതമാനത്തിലേറെയാണ് ആറ് മാസം കൊണ്ട് ഓഹരി വില ഉയര്‍ന്നത്. മാര്‍ച്ചില്‍ ഓഹരി വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് 180 രൂപയിലേക്ക് സിഡിഎസ്‌എല്ലിന്റെ ഓഹരി വില ഇടിഞ്ഞിരുന്നു. ഇപ്പോള്‍ 450 രൂപക്ക് മുകളിലായാണ് ഈ ഓഹരി വ്യാപാരം ചെയ്യുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ സിഡിഎസ്‌എല്ലിന്റെ ലാഭത്തില്‍ 67 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 46.73 കോടി രൂപയാണ് ഈ ത്രൈമാസത്തില്‍ കമ്പനി കൈവരിച്ച ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ സിഡിഎസ്‌എല്ലിന്റെ ലാഭം 27.91 കോടി രൂപയായിരുന്നു. വരുമാനം 86.01 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ആദ്യത്രൈമാസത്തില്‍ 76.43 കോടി രൂപയായിരുന്നു ലാഭം.
ലോക്ക് ഡൗണ്‍ കാലത്ത് ഓഹരി നിക്ഷേപം തുടങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ ആറ് കൊണ്ടു മാത്രം ഏകദേശം 50 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് സിഡിഎസ്‌എല്ലിനു കീഴിലായി തുറക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിമാസം ശരാശരി സിഡിഎസ്‌എല്ലിന് കീഴില്‍ മൂന്ന് ലക്ഷം പുതിയ അക്കൗണ്ടുകളാണ് തുറയ്‌ക്കപ്പെട്ടത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണം 90,000 മാത്രമായിരുന്നു. ഓഹരി വിപണിയിലുണ്ടായ ഇടിവ് നിക്ഷേപാവസരം നല്‍കിയപ്പോള്‍ ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ അടച്ചിട്ടിരുന്ന ഒട്ടേറെ പേര്‍ ഈ മേഖലയിലേക്ക് കടന്നു വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോക്ക്‌ഡൗണ്‍ കാലത്ത് തടസമില്ലാതെ നടന്നുവന്ന ബിസിനസാണ് സ്റ്റോക്ക് ബ്രോക്കിങ്. ലോക്ക് ഡൗണ്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. സാധാരണ പോലെ വിപണിയുടെ പ്രവര്‍ത്തനം നടന്നു. ഓണ്‍ലൈന്‍ വഴി ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് അത് പതിവു പോലെ മുന്നോട്ടു കൊണ്ടുപേകാന്‍ സാധിച്ചു. സെബിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സമയത്ത് പുതിയ നിക്ഷേപകര്‍ ധാരാളമായി ഓഹരി വ്യാപാര രംഗത്തേക്ക് കടന്നുവന്നു.
റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായി ഓഹരി വ്യാപാര രംഗത്തേക്ക് കടന്നുവരുന്നത് സിഡിഎസ്‌എല്ലിന് തുടര്‍ന്നും ഗുണകരമാകും. ഡെപ്പോസിറ്ററി അക്കൗണ്ടുകള്‍ തുറയ്‌ക്കുന്നതില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈ കമ്പനിയുടെ ഓഹരി വിപണിയിലെ പ്രകടനത്തിലും പ്രതിഫലിക്കും. ദീര്‍ഘകാല നിക്ഷേപത്തിനായി പരിഗണിക്കാവുന്ന ഓഹരിയാണ് ഇത്. തിരുത്തലുകളില്‍ ഘട്ടങ്ങളിലായി വാങ്ങുന്ന രീതി പിന്തുടരുന്നതാകും ഉചിതം.