മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. നടുവേദനയിൽ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ ശിവശങ്കറിനെ തീവ്രപരിചണ വിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ തീരുമാനമെടുക്കും.
ശിവശങ്കറിൻറെ ആരോഗ്യസ്ഥിതി ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസിൻറെ നീക്കവും. അതേ സമയം ശിവശങ്കർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർജാമ്യാപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അറിയുന്നു.