യു.എ.ഇ: മാസ്‌ക് ഊരി മാനത്തേക്ക് നോക്കുന്ന നിമിഷത്തോളം വലിയൊരു സ്വപ്നം ഇന്ന് വേറെ ഇല്ല. കോവിഡ് 19 പ്രതിരോധത്തിലേക്കുള്ള ഓരോ ചലനങ്ങളും പ്രതീക്ഷയാണ്. അത്തൊരമൊരു കൗതുക ചിത്രം രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.ഡോക്ടറുടെ മുഖത്തെ മാസ്‌ക് വലിച്ചു മാറ്റുന്ന നവജാത ശിശുവും ഗൈനക്കോളജിസ്റ്റായ ഡോ. സമീര്‍ ചിയാബുമാണ് ചിത്രത്തിലെ താരങ്ങള്‍. മാസ്‌കെല്ലാം മാറ്റി മഹാമാരി മുക്തമായ സാധാരണ ജീവിതത്തിലേക്കുള്ള പ്രതീക്ഷയാണ് എന്ന അടിക്കുറിപ്പോടെ ഡോക്ടര്‍ തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് സംഭവം ഹിറ്റായി.
കോവിഡ് മഹാമാരി മൂലം സമ്മര്‍ദ്ദപ്പെട്ട ലോകത്തിന് ആശ്വാസവും പ്രതീക്ഷയുമാണ് ചിത്രം നല്‍കുന്നതെന്ന് നിരവധിയാളുകള്‍ കമന്റിട്ടു. സാധാരണ ജീവിതത്തിലേക്ക് ഇനി എത്ര നാള്‍ എന്ന ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള വിരാമമാണ് ആ മാസ്‌ക് നീക്കല്‍ എന്നും വിലയിരുത്തുന്നവരുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം കൗതുക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
















