ലഖ്‌നൗ: പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിനും മറ്റൊരാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനും പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
യുപിയിലെ ചിത്രകൂട് ജില്ലയിലാണ് 14 കാരിയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടിയെ വനമേഖലയില്‍ വച്ച് മൂന്നുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തില്‍ അലംഭാവം കാട്ടിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ തന്നെ പ്രതാപ്ഗഡ് ജില്ലയിലാണ് രണ്ടാമത്തെ സംഭവം. പീഡനത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17 കാരിയാണ് ആത്മഹത്യ ചെയ്തത്. അയല്‍വാസികളായ മൂന്നുപേര്‍ കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ച് കയറിയ ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്‌തെന്നും മറ്റ് രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.