കോവളം: കഴക്കൂട്ടം-മുക്കോല ബൈപാസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.കരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ദേശീയ പാതാ വികസനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഇന്ന് നടക്കും. 12,691 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കാണ് നാളെ തുടക്കമിടുന്നത്. 568 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയാണിത്.
കാസര്‍ഗോഡ് തലപ്പാടി മുതല്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് വരെയുള്ള നാല് റീച്ചുകളിലെ പദ്ധതിയാണ് ആദ്യം ആരംഭിക്കുന്നത്. വടകരയില്‍ പാലൊളി, മൂടാടി പാലം നവീകരണവും കോഴിക്കോട് ബൈപ്പാസ് നവീകരണവും ആരംഭിക്കും. ഇടുക്കി ചെറുതോണിയിലും പുതിയ പാലം നിര്‍മ്മിക്കുന്നുണ്ട്.
കഴക്കൂട്ടം – മുക്കോല ബൈപാസ് ഉദ്ഘാടനം നടക്കാനിരിക്കെ പാതയുടെ തിരുവല്ലത്തിനും മുക്കോലക്കും മധ്യേയുള്ള ഗതാഗതത്തില്‍ ആശങ്കയുണ്ട്. കഴക്കൂട്ടം മുതല്‍ കോവളം ജംക്ഷന്‍ വരെ മാത്രമാണ് ബൈപാസിലൂടെ സുഗമ പാത. കോവളം മുതല്‍ മുക്കോല വരെയുള്ള ഭാഗത്ത് പലയിടത്തും മെറ്റല്‍ കൂട്ടിയിട്ടു ഗതാഗതം തടഞ്ഞിട്ടുണ്ട്. ഇവ നീക്കിയാലും ആദ്യ ഘട്ടം അവസാനിക്കുന്ന മുക്കോല തലക്കോട് ഭാഗത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിരത്തി വഴി അടച്ചിട്ടുണ്ട്.
















