ഇടപ്പള്ളിയിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച റിയൽ എസ്‌റ്റേറ്റ് കച്ചവടക്കാരൻ തൃത്താലയിൽ തട്ടിയെടുത്തത് 40കോടി വിലയുള്ള ഭൂമി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ചാണ് കൂറ്റനാട് മല വില്ലേജിൽ അഞ്ച് സഹോദരങ്ങളുടെ കൂട്ടുസ്വത്തായ 28.18 ഏക്കർ ഭൂമി തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് പട്ടാമ്പി കോടതിയിൽ കേസുണ്ട്.
മുൻമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഭാര്യാസഹോദരനും റിട്ട. പൊലീസ് സൂപ്രണ്ടുമായ ടി സി ഖാലിദ് ഉൾപ്പെടെയുള്ളവരുടെ കൂട്ടുസ്വത്താണ് സ്വന്തമാക്കിയത്. ഖാലിദും കുടുംബവും തൃത്താല മല വില്ലേജിൽ ഡെന്റി ഫ്രൈസെസ് എന്ന പേരിൽ കമ്പനി രജിസ്‌റ്റർ ചെയ്‌ത് എഫർമെന്റ് ടൂത്ത് പേസ്‌റ്റും സൗന്ദര്യവര്‍ധക വസ്തുക്കളും ഉൽപ്പാദിപ്പിച്ചിരുന്നു. ഇതിനായി 1978ൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ തൃശൂർ മെയിൻ ശാഖയിൽ നിന്ന് 65ലക്ഷംരൂപ വായ്‌പയുമെടുത്തു. 1992ൽ വ്യവസായം തകർന്നു. തുടർന്ന് വായ്‌പാതിരിച്ചടവും മുടങ്ങി.


















