മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ റിപ്പബ്ലിക് ടിവി സിഇഒയെ വികാസ് ഖഞ്ചന്‍ദനി ചോദ്യം ചെയ്യലിന് മുംബൈ പോലീസ് ആസ്ഥാനത്ത് ഹാജരായി. ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍മാരായ ഹെര്‍ഷ് ഭണ്ഡാരി, പ്രിയ മുഖര്‍ജി എന്നിവര്‍ക്കും ഡിസ്ട്രിബ്യൂഷന്‍ മേധാവി ഘനശ്യാം സിംഗ്, ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്റെ സിഇഒ പ്രവീണ്‍ നിഹാര, തുടങ്ങിയവര്‍ക്കും ശനിയാഴ്ച പോലീസ് സമന്‍സ് അയച്ചിരുന്നു.
ടിആര്‍പി തട്ടിപ്പില്‍ നേരത്തെ ചാനല്‍ ഉടമകള്‍ ഉള്‍പ്പെടെ നാലുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാക്ട് മറാഠി, ബോക്‌സ് സിനിമ എന്നീ മറാഠി ചാനലുകളുടെ ഉടമകളാണ് അറസ്റ്റിലായത്. ടിആര്‍പി റാക്കറ്റില്‍ ഉള്‍പ്പെട്ട റിപ്പബ്ലിക് ടിവി, ഫാക്ട് മറാഠി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് ഇന്ത്യയില്‍ ചാനലുകളുടെ ടിആര്‍പി കണക്കാക്കുന്നത്. ഓരോ ആഴ്ചയിലും ബിഎആര്‍സി റേറ്റിംഗ് പുറത്തുവിടാറുണ്ട്. ടിആര്‍പി കണക്കാക്കാന്‍ 30,000-ല്‍ അധികം ബാരോമീറ്ററുകളാണു രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകള്‍ മുംബൈയിലാണ്.
ബാരോമീറ്ററുകള്‍ സ്ഥാപിക്കുന്ന പ്രദേശം രഹസ്യമായി സൂക്ഷിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ എവിടെയൊക്കെയാണ് ബാരോമീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഏജന്‍സിയായ ഹന്‍സയുടെ മുന്‍ ജീവനക്കാര്‍ ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. ബാരോമീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാര്‍ക്കു ആരോപണ വിധേയരായ സ്ഥാപനങ്ങള്‍ പണം നല്കിയിരുന്നതായി പോലീസ് പറയുന്നു.











