സാമുദായിക സംവരണത്തിനെതിരെ കോടതി കയറാനുള്ള തീരുമാനത്തിലാണ് എന്‍ എസ് എസ്. കെ എ എസില്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് എന്‍ എസ് എസ് കോടതി കയറുന്നത്. ഒരിക്കല്‍ സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും സംവരണം നല്‍കരുതെന്ന ലളിതമായ ലോജിക്കാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. എന്നാലതുവഴി ഫലത്തില്‍ അവര്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത് സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തെയാണ്. നേരത്തെ തന്നെ എന്‍ എസ് എസ് തങ്ങളുടെ നിലപാടു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കോടതി കയറാനുള്ള തീരുമാനം എന്‍എസ് എസ് പ്രഖ്യാപിച്ചത്. സാമ്പത്തിക സംവരണമെന്ന പേരില്‍ സവര്‍ണ്ണ സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമാണ് എന്‍എ സ് എസിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
ഡോ ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണം എന്ന ആശയത്തിന്റെ രാഷ്ട്രീയം മനസ്സിലാകാത്തവരാണ് വലിയൊരു വിഭാഗം മലയാളികളും. സമൂഹത്തെ വര്‍ഗ്ഗങ്ങളായി വിഭജിച്ച് വിശകലനം ചെയ്യുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനമാണ് അതിന്റെ പ്രധാന കാരണം. അതിനാല്‍ തന്നെ സാമ്പത്തിക സമത്വം വന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും അതിനായി സാമ്പത്തിക സമരങ്ങളും വര്‍ഗ്ഗസമരങ്ങളുമാണ് നടത്തേണ്ടതെന്ന ധാരണയാണ് വ്യാപകമായത്. സാമ്പത്തിക വിവേചനത്തേക്കാള്‍ എത്രയോ ഭയാനകമാണ് ജാതിയുടെ പേരിലുള്ള വിവേചനമെന്നും സാമ്പത്തിക തുല്ല്യത വന്നാലും അതില്ലാതാകില്ലെന്നും സാമ്പത്തികനീതിക്കുള്ള സമരത്തേക്കാള്‍ എത്രയോ പ്രധാനമാണ് സാമൂഹ്യനീതിക്കായുള്ള സമരമെന്നുമുള്ള തിരിച്ചറിവ് കേരളത്തില്‍ പൊതുവില്‍ കുറവായിരുന്നു. അതിന്റെ തുടര്‍ച്ചതന്നെയായിരുന്നു സംവരണത്തോടുള്ള നിലപാടും. സാമ്പത്തികസംവരണത്തിലൂടെ പാവപ്പെട്ടവര്‍ക്ക് ജോലിയും വിദ്യാഭ്യാസവുമെല്ലാം ലഭിച്ചാല്‍ സമൂഹത്തിന്റെ എല്ലാ അസമത്വങ്ങളും ഇല്ലാതാകുമെന്ന ധാരണയാണ് പ്രചരിക്കപ്പെട്ടത്.
ഇന്ത്യന്‍ സമൂഹത്തില്‍ 1800ല്‍ പരം വര്‍ഷങ്ങളായി സാമുഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപെട്ട ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്കും അധികാരത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള ഒരു പദ്ധതിയാണ് സംവരണം എന്നത് ഇവരാരും മനസ്സിലാക്കിയില്ല. അധികാരത്തിലെ പങ്കാളിത്തമാണ് സംവരണത്തിലൂടെ അംബേദ്കര്‍ വിഭാവനം ചെയ്തതെന്നത് മനസ്സിലാക്കാന്‍ സാമ്പത്തികമാത്രവാദികള്‍ക്കോ വര്‍ഗ്ഗരാഷ്ട്രീയത്തിനോ പറ്റുമായിരുന്നില്ല. അംബേദ്കര്‍ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിലേക്ക് വരുന്നത് തടയുന്നതില്‍ മുഖ്യപങ്കുവഹിച്ചത് കമ്യൂണിസ്റ്റുകാര്‍, പ്രത്യേകിച്ച് ഇ.എം. എസ് നമ്പൂതിരിപ്പാടായിരുന്നു എന്നത് യാദൃച്ഛികമല്ല. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണമെന്ന ആശയമുയര്‍ത്തിയതും ഇഎംഎസ് തന്നെയായിരുന്നല്ലോ. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവമായിരുന്ന മണ്ഡല്‍ കമ്മീഷന്റെ അലയൊലികള്‍ കേരളത്തില്‍ കാര്യമായി എത്താതിരുന്നതിനും കാരണം ഇതൊക്കെ തന്നെയായിരുന്നു. പിന്നോക്കക്കാരിലെ സംവരണത്തില്‍ ക്രീമിലെയര്‍ തത്വം കൊണ്ടുവരാന്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തിയതും മറ്റാരുമായിരുന്നില്ല.
അതേസമയം അടുത്തകാലത്തായി ഇന്ത്യയുടെ വിവിധഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലുണ്ടായ ദളിത് ഉണര്‍വ്വും കുറച്ചുകാലമായുള്ള ദളിത് ചിന്തകരുടേയും സംഘടനകളുടേയും മുസ്ലിം സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ മൂലം ഇക്കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംവരണത്തിന്റെ രാഷ്ട്രീയവും സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നിട്ടും അത് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു സവര്‍ണ്ണവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടതും കേന്ദ്രമത് നടപ്പാക്കിയതും. തുടര്‍ന്ന് കേരളവും അതു നടപ്പാക്കി. സവര്‍ണ്ണരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും ഒന്നാകുന്ന നിമിഷം. എന്നാല്‍ സത്യത്തിലത് സവര്‍ണ്ണ സംവരണം തന്നെയാണ്. സാമ്പത്തിക സംവരണമാണെങ്കില്‍ എല്ലാ ജാതിയിലും പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണല്ലോ അതു നല്‍കേണ്ടത്. എന്നാലിത് സവര്‍ണ്ണ വിഭാഗങ്ങളില്‍ പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്. അങ്ങനെ തന്നെയാണല്ലോ മേല്‍ത്തട്ടിനെ ഒഴിവാക്കി ഒബിസിക്കാര്‍ക്കും സംവരണം നല്‍കുന്നത്. അതായത് ഇത് ഫലത്തില്‍ സവര്‍ണ്ണ ജാതി സംവരണം തന്നെ. അതിനിടയിലാണ് ദേവസ്വം ബോര്‍ഡ്ിലും സവര്‍ണ്ണ സംവരണം പ്രഖ്യാപിച്ചത്. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കെ എ എസില്‍ ജാതിസംവരണം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ സംവരണത്തിന്റെ രാഷ്ട്രീയത്തെ അട്ടിമറിച്ച് എല്ലാ മേഖലയിലും സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കങ്ങളുമായാണ് കേന്ദ്രത്തെ പോലെ കേരള സര്‍ക്കാരും മുന്നോട്ടുപോകുന്നത്.
അതേസമയം രാജ്യത്തൊരിടത്തും നടക്കാത്ത തരത്തിലുള്ള അനീതിയാണ് എയ്ഡഡ് മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. മാറി്മാറി ഭരിച്ച എല്ലാ അധികാരികള്‍ക്കും അതറിയാമെങ്കിലും ഇന്നോളം അതുതിരുത്താനൊരു നീക്കവും ഉണ്ടായിട്ടില്ല. സമീപകാലത്ത് പല ദളിത് സംഘടകളും ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നുണ്ടെങ്കിലും ഒരു ഫലവുമില്ല. 1957ല്‍ കേരളത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ആദ്യത്തെ സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രധാന കാരണമായതു എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അധ്യാപക നിയമനവുമായി സര്‍ക്കാര്‍ എടുത്ത തീരുമാനവും അതിനെത്തുടര്‍ന്ന് കൂടി ഉയര്‍ന്നുവന്ന വിമോചന സമരവും ആയിരുന്നല്ലോ. തുടര്‍ന്ന് സംഭവിച്ചത് നിയമനം മാനേജ്‌മെന്റ് നടത്തുകയും വേതനം സര്‍ക്കാര്‍ കൊടുക്കുകയും ചെയ്യുക എന്ന ലോകത്തെവിടേയും ഉണ്ടാകാനിടയില്ലാത്ത രീതിയായിരുന്നു. മാനേജ്‌മെന്റിനു താല്‍പ്പര്യമുള്ളവരെ വന്‍പണം വാങ്ങി, അക്കാഡമിക മികവോ മാനദണ്ഡങ്ങളും പാലിക്കാതെ നിയമിച്ച് സര്‍ക്കാര്‍ വേതനവും ആനുകൂല്യങ്ങളും വാങ്ങിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയാണ് സര്‍ക്കാര്‍ വേതനം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നത്.
ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തി മുപ്പത്തിനായിരത്തോളം ആളുകള്‍ ഈ മേഖലയില്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10000 കോടി രൂപയോളം ആണ്. എന്നാലീ മേഖലയില്‍ സംവരണം നടപ്പാക്കാത്തതിനാല്‍ നടക്കുന്ന സാമൂഹ്യ അനീതി ഇപ്പോഴും കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഈ വിഷയമുന്നയിച്ച് മൂന്ന് പതിറ്റാണ്ടായി ദളിത് പിന്നോക്ക സാമൂഹിക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും നിയമപരമായ നീക്കങ്ങളും നടത്തുന്നു. ഒ പി രവീന്ദ്രന്റെ നേതൃത്വത്തില്‍ മുന്നോട്ട് വന്ന എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയും ഭൂഅധികാര സംരക്ഷണസമിതിയുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ടു സജീവമായി പ്രവര്‍ത്തിക്കുന്നു. പൊതുവിദ്യാഭ്യാസരംഗത്തെ സ്വകാര്യ കോളനികള്‍ എന്ന പേരില്‍ രവീന്ദ്രന്‍ ശ്രദ്ധേയമായ ഒരു പുസ്തകവും രചിച്ചു. എന്നാലിപ്പോഴും ഭരണഘടനാനുസൃതമായ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല.
ഒരു രാഷ്ട്രസംവിധാനത്തിന്റെ കീഴിലുള്ള എല്ലാ സര്‍വീസുകളിലും ആ രാജ്യത്തെ എല്ലാ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കണം എന്നുള്ളതാണ് ആധുനിക ജനാധിപത്യ സങ്കല്‍പം. അതിനുവേണ്ടിയാണ് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുച്ഛേദം അനുസരിച്ചു പിന്നോക്ക സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലും സര്‍ക്കാര്‍ വേതനം കൊടുക്കുന്ന സ്ഥാപനങ്ങളിലും സമുദായ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊത്തത്തിലെടുത്താല്‍ എയ്ഡഡ് മേഖലയില്‍ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. അതില്‍ 586 പേര്‍ (0.29 %) മാത്രമാണ് SC/ST പ്രാതിനിധ്യം. ഭരണഘടനാനുസൃത സംവരണപ്രകാരം എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 20,000 ഉദ്യോഗങ്ങള്‍ ലഭ്യമാകേണ്ടതാണ്. പ്രതിവര്‍ഷം പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കുന്നത്. അതില്‍ ആയിരംകോടി ഇവരുടെ അവകാശമാണ്. അവയെല്ലാം നിഷേധിക്കുന്നത് വലിയൊരു സാമൂഹിക അനീതിയാണ്. ജനാധിപത്യ വിരുദ്ധതയാണിത്. ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണത്തിന്റെ അട്ടിമറിയും. ഇതിനെല്ലാം പുറമെയാണ് മാനേജ്‌മെന്റുകള്‍ പണം വാങ്ങി നിയമിച്ച 4000ത്തില്‍ പരം അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ നിലനിര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങളിലടക്കം നിയമിച്ചത്. ഈ സ്ഥാപനങ്ങളില്‍ മിക്കവയും നഗരമധ്യങ്ങളില്‍ സര്‍ക്കാര്‍ ഏറെക്കുറെ സൗജന്യമായി നല്‍കിയ, കോടിക്കണക്കിനു വിലവരുന്ന ഭൂമിയിലാണെന്നതും ഓര്‍ക്കേണ്ടതാണ്.
എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ടഡ് അധ്യാപകരുടെ ലിസ്റ്റില്‍ നിന്നും അധ്യാപക നിയമനങ്ങള്‍ നടത്തിയപ്പോള്‍ എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭസമിതി ഹൈക്കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് വാങ്ങിയിരുന്നു. 2015 മെയ് 25 എയ്ഡഡ് കോളേജുകളില്‍ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ നടപടി സ്വീകരിക്കണം എന്ന് സിംഗിള്‍ ബെഞ്ച് വിധി വന്നു. ഈ വിധിക്കെതിരെ എന്‍ എസ് എസ് മാനേജ്മന്റ് അപ്പീല്‍ കൊടുത്തപ്പോള്‍ കോടതി വിധി അവര്‍ക്ക് അനുകൂലമായി. 97% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസത്തെ ആശ്രയിക്കുമ്പോള്‍ 55.5% മുന്നാക്കക്കാരും ആശ്രയി ക്കുന്നത് അണ്‍ എയ്ഡഡ് മേഖലയെ ആണ്. അതായത് പൊതു വിദ്യാഭ്യാ സമേഖലയെ പിടിച്ചു നിര്‍ത്തുന്ന ഒരു സമൂഹത്തെയാണ് ഈ നിയമങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നത്. ഈ വൃത്തികേടിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് നാട്ടിലെ വിശ്വാസസംരക്ഷകരും പുരോഗമന വാദികളും സംസ്‌കാരത്തിന്റെ കാവലാളുകളും സംവരണ വിരോധികളും പൊതുജനാഭിപ്രായ നിര്‍മ്മാതാക്കളുമായൊക്കെ നടക്കുന്നതെന്നത്. അവിടെയാണ് എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്കു വിടുക, അല്ലെങ്കില്‍ സംവരണം ഉറപ്പു വരുത്തുക, ഇതുവരെയുള്ള സംവരണനഷ്ടം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നികത്തുക എന്നീ മുദ്രാവാക്യങ്ങളുടെ പ്രസക്തി. എന്നാല്‍ ഇനിയും സംവരണത്തിന്റേയും സാമൂഹ്യനീതിയുടേയും രാഷ്ട്രീയം തിരിച്ചറിയാത്ത സര്‍ക്കാരും ഭരണ പ്രതിപക്ഷ പ്രസ്ഥാനങ്ങളും ഈ വിഷയത്തിന്റെ പ്രാധാന്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. അതിനാലാണ് സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കവുമായി എന്‍എസ്എസിനെ പോലുള്ള സംഘടനകള്‍ക്ക് വീണ്ടും വീണ്ടും കോടതി കയാറാനാകുന്നത്.


















