കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കുതിപ്പേകിക്കൊണ്ട് പുതിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നു. എല്‍.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലാണ് പുതിയ പ്ലാന്റ് സജ്ജമായിരിക്കുന്നത്. പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 70 ടണ്‍ പ്രതിദിന ശേഷിയുള്ള പ്ലാന്റ്, കെഎംഎംഎല്ലിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമാകും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് പുറത്ത് നിന്ന് ഓക്‌സിജന്‍ വാങ്ങാന്‍ പ്രതിവര്‍ഷം 12 കോടിയോളം രൂപ ചെലവായിരുന്നു. ഈ അധിക ചെലവ് ഒഴിവാക്കാൻ ഇതോടെ സാധ്യമാകും.
ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പ്ലാന്റിന്റെ പ്രവര്‍ത്തനം വൈദ്യുതി ചെലവ് കുറയ്ക്കും. ഓക്‌സിജന്‍ ലഭ്യതയില്‍ സ്വയംപര്യാപ്തത നേടുകയും ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പ്പാദനം പൂര്‍ണ തോതിലാവുകയും ചെയ്യും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിലവില്‍ 63 ടണ്‍ ഓക്സിജനാണ് ആവശ്യം. ഇതിന് പുറമെ ഏഴ് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. കൊവിഡ് കാലത്ത് ആരോഗ്യമേഖലയിലടക്കം ഇവ പ്രയോജനപ്പെടുത്താം.