കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധത്തിന് തെളിവ് എവിടെയെന്ന് എന്‍ഐഎയോട് കോടതി. കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പി.എ ആണോ പ്രതിവിധിയെന്ന് കോടതി പറഞ്ഞു. ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനം എന്‍.ഐ.എ വ്യക്തമാക്കണം. 90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേയെന്നും കോടതി ചോദിച്ചു. പ്രതികള്‍ കസ്റ്റഡിയില്‍ തുടരുന്നതെന്തിനെന്ന് കോടതി ആരാഞ്ഞു.കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശങ്ങള്‍.
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് എന്‍ഐഎ വാദിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ട്. യുഎഇ കേന്ദ്രീകരിച്ച് അന്വേഷണം വേണം. സ്വര്‍ണക്കടത്തുകാര്‍ യുഎഇ സുരക്ഷിത കേന്ദ്രമാക്കി മാറ്റുകയാണ്. കോവിഡ് കാലത്ത് പോലും പ്രതികള്‍ യുഎഇയിലേക്ക് മുങ്ങുന്നുവെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞ വര്‍ഷം എന്‍ഐഎ അറിയിച്ചിരുന്നു.
അതേസമയം, എന്‍ഐഎയുടെ വാദങ്ങള്‍ അന്വേഷണം തുടരാന്‍ പര്യാപ്തമെന്ന് കോടതി അറിയിച്ചു.











