ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ നല്‍കുന്ന വിശദീകരണം ചുവടെ:
- കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം നടത്തുന്ന സാമ്പത്തിക സെൻസസ് 2020 ഡിസംബർ 31 വരെ നീട്ടി.
- സംസ്ഥാനത്തെ എല്ലാ വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മാർച്ച് 31 നു അവസാനിക്കേണ്ട സെൻസസ് സെപ്തംബര് 30 വരെ നീട്ടിയിരുന്നു.
- ഇപ്പോൾ സംസ്ഥാനത്തു നടക്കുന്ന സാമ്പത്തിക സെൻസസ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് നിയമങ്ങൾ പൂർണമായി പാലിച്ചു കൊണ്ടുമാണ് മുന്നേറുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി നടക്കുന്ന സാമ്പത്തിക സംരംഭങ്ങളുടെ കണക്കെടുപ്പാണ് ഈ സെൻസസ് വഴി നടത്തുന്നത്.
- ഈ സർവേ വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും ബിസ്സിനെസ്സ് രജിസ്റ്റർ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ നയരൂപീകരണത്തിനു അടിസ്ഥാനമായ കണക്കെടുപ്പ് തുടങ്ങിയവ തയ്യാറാക്കുന്നതാണ്.
- കണ്ടൈൻമെൻറ് സോണുകളിൽ അവിടുത്തെ നിയന്ത്രണങ്ങൾ നീക്കുന്നതനുസരിച്ചു സാമ്പത്തിക സെൻസസ് നടത്തും. സാമ്പത്തിക സെൻസസിന്റെ കണക്കെടുപ്പിന്റെ ചുമതല കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ കീഴിലുള്ള കോമൺ സർവീസ് സെന്റർ (സി സ് സി ഇ ഗവർണൻസ് ഇന്ത്യ ലിമിറ്റഡ് ) ആണ്. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെയും സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പിലേയും ഉദ്യോഗസ്ഥർ എനുമെറേറ്റർമാരുടെ ടാറ്റ പരിശോധിക്കുന്നതാണ് . ഈ സെൻസസ് വഴി ശേഖരിക്കുന്ന വിവരങ്ങൾ സ്ഥിതി വിവര കണക്കിനായി മാത്രമാണ് ഉപയോഗിക്കുന്നത്.
- സാമ്പത്തിക സെൻസസുമായി സഹകരിച്ചു എല്ലാവരും കൃത്യമായ വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.



















