ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്ക് ദുബായിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.
പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക് വരാന്‍ പി.സി.ആര്‍ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. എന്നാല്‍, ദുബൈയില്‍ എത്തിയ ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം.
അതേസമയം, ദുബായിലേക്ക് വരുന്ന റെസിഡന്റ് വിസക്കാര്‍, സന്ദര്‍ശക വിസക്കാര്‍, ടൂറിസ്റ്റ് വിസക്കാര്‍ എന്നിവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആര്‍ കോവിഡ് ഫലം നിര്‍ബന്ധമാണ്. ദുബൈ വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അവര്‍ പോകുന്ന രാജ്യത്തിന്റെ നിയമപ്രകാരമാണ് കോവിഡ് പരിശോധന ബാധകമാവുക. അതത് രാജ്യങ്ങള്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ദുബൈയിലേക്ക് വരുന്നതിന് മുമ്പോ, ദുബൈയില്‍ നിന്ന് ആ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പോ ഇവര്‍ പരിശോധന നടത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി.