കെ.പി. സേതുനാഥ്
ഭരണകൂട സംവിധാനത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി കുറ്റാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് പുതിയ കാര്യമല്ല. ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ അങ്ങനെയാണ് സംഭവിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമീഷന്‍ ഇടപാടിനെക്കുറിച്ചുളള ആരോപണങ്ങളെ പറ്റി സിബിഐ അന്വേഷണത്തിന് ഏകപക്ഷീയമായി ഉത്തരവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളിലെ മുഖ്യവിഷയമായി സിബിഐ അന്വേഷണം മാറി. സിബി ഐക്കു അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു വ്യാഴാവ്ച കോടതി നടത്തിയ നിരീക്ഷണം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണെന്ന നിഗമനവും ഇതിനകം വാര്‍ത്തയായി. അന്വേഷണത്തിന്റെ പരിധിയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെങ്കിലും കുറ്റാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗിക്കുന്നതിന്റെ നീണ്ട ചരിത്രം ഇന്ത്യയില്‍ കാണാനാവും. സിബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റവന്യൂ ഇന്റലിജന്‍സ്, ആദായനികുതി വകുപ്പ് തുടങ്ങിയവയാണ് പ്രത്യക്ഷമായും, പരോക്ഷമായും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കേന്ദ്ര ഏജന്‍സികള്‍. ഇന്റലിജന്‍സ് ബ്യൂറോ, RAW തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളും ഭരിക്കുന്ന പാര്‍ടിയുടെ സ്വകാര്യ താല്‍പര്യസംരക്ഷണത്തിനായി കൂടി വിധേയമാകുന്ന ഏജന്‍സികളാണ്.
സിബി ഐ-യാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. പിറവിയില്‍ തന്നെ കൊളോണിയല്‍ ആധിപത്യത്തിന്റെ മുദ്രണങ്ങള്‍ പേറുന്ന സിബിഐ അങ്ങനെയായതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബ്രട്ടീഷ് ഭരണകാലത്ത് ഡെല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്പിഇ) നിയമപ്രകാരം രൂപീകരിച്ച സംവിധാനം സിബിഐ-ആയി രൂപാന്തരപ്പെടുന്നത് 1963-ലാണ്. അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു പൂര്‍വ്വാശ്രമത്തില്‍ പ്രധാനമായും സിബിഐ-യുടെ ചുമതല. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ചുവടുപിടിച്ചായിരുന്നു 1963-ലെ മാറ്റങ്ങള്‍.
ഭരണഘടനയുടെ അന്തസത്തയനുസരിച്ച് സംസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ അധികാരപരിധിയില്‍ വരുന്ന വിഷയമാണ് ക്രമസമാധാന പാലനം. സംസ്ഥാനങ്ങളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ-ക്കു സംസ്ഥാനങ്ങളില്‍ നേരിട്ട് അന്വേഷണം നടത്തുന്നതിന് അവകാശമില്ലെന്ന ഭരണഘടന തത്വം ഫെഡറല്‍ സംവിധാനത്തിന്റെ അനിവാര്യഘടകമാണ്. സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ നേരിടുന്ന ഈ പരിമിതി മറികടക്കുന്നതിനാണ് എന്‍ഐഎ നിയമത്തില്‍ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന വകുപ്പ് ഉള്‍പ്പെടുത്തിയത്. എന്‍ഐഎ-പോലുള്ള ഏജന്‍സികളെ രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാനങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന വകുപ്പ് ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തക്കു നിരക്കാത്തതാണെന്ന വിമര്‍ശനം സജീവമായത്. ലൈഫ് മിഷന്‍ കേസ്സില്‍ സംസ്ഥാനവുമായി ആലോചിക്കാതെ സിബിഐ-അന്വേഷണത്തിന് ഉത്തരവിട്ട നടപടി ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈയൊരു പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണങ്ങളുടെ കാര്യക്ഷമത വ്യക്തമായ പരിശോധന അനിവാര്യമാക്കുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും, സാമ്പത്തികവുമായ കോളിളക്കം ദേശീയ-സംസ്ഥാനതലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച കേസ്സുകളെപ്പറ്റിയുളള സിബിഐ-യുടെ അന്വേഷണചരിത്രം ഒട്ടും ആശാവഹമായ ചിത്രമല്ല പ്രദാനം ചെയ്യുന്നത്. പ്രമാദമായ കേസ്സുകളില്‍ ശിക്ഷാര്‍ഹമായ നിലയില്‍ കുറ്റം തെൡയിക്കുന്നതിലുള്ള മികവ് മാനദണ്ഠമായെടുത്താല്‍ സിബിഐ-യുടെ സ്ഥാനം വളരെ പിന്നിലാവുമെന്ന് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആകാര്‍ പട്ടേല്‍ അഭിപ്രായപ്പെടുന്നു. പ്രമാദമായ കേസ്സുകളില്‍ ശിക്ഷാര്‍ഹമായ വിധി
സിബിഐ-ക്കു നേടാനയത് വെറും 3.96 ശതമാനം കേസ്സുകളില്‍ മാത്രമാണെന്നു 2018-മാര്‍ച്ചില്‍ ഔട്ട്‌ലൂക്ക് വാരികയില്‍ എഴുതിയ ലേഖനത്തില്‍ പട്ടേല്‍ വെളിപ്പെടുത്തുന്നു. 2017-ഒക്ടോബര്‍ 31-ന് ബിസിനസ്സ്‌ലൈന്‍ പത്രത്തില്‍ വന്ന റിപോര്‍ട് പ്രകാരം പ്രമാദമായ അഴിമതി കേസ്സുകളില്‍ സിബിഐ-ക്കു ശിക്ഷ ഉറപ്പാക്കാനായത് 3-ശതമാനം കേസ്സുകളില്‍ മാത്രമാണ്. സിബിഐ-യുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 67-ശതമാനം കേസ്സുകളും ശിക്ഷാര്‍ഹമാക്കുന്നു എന്നാണ്. ഈ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് പട്ടേല്‍ അഭിപ്രായപ്പെടുന്നു. 100 കേസ്സുകളില്‍ 30 എണ്ണം ഗുരുതരമായ കുറ്റങ്ങളും 70 എണ്ണം ചെറിയ കുറ്റങ്ങളുമായിരിക്കും. അതില്‍ 60-എണ്ണം തെളിഞ്ഞു കഴിഞ്ഞാല്‍ ഈ ശരാശരി ശരിയാവും.
ഒരു കാലത്ത് 75-ശതാനം കേസ്സുകളിലും ശിക്ഷാര്‍ഹമായ വിധി ഉറപ്പാക്കിയിരുന്ന സിബിഐ-യുടെ റിക്കോര്‍ഡ് 1987-ല്‍ 5-ശതമാനത്തിലേക്കു കൂപ്പുകുത്തിയെന്നു 1989- സെപ്തംബര്‍ 15-ലെ ഇന്ത്യ ടുഡേ റിപോര്‍ട് പറയുന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി സിബിഐ-യെ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസ്സും, ബിജെപി-യും ഒരുപോലെ മികവു കാട്ടിയിട്ടുണ്ട്. അഴിമതിയുടെ എണ്ണത്തിലും, വ്യാപനത്തിലും, പണത്തിലും വന്ന ഭീമമായ വര്‍ദ്ധനവോടെ സിബിഐ പോലുള്ള ഏജന്‍സികളുടെ ദുരുപയോഗം രാഷ്ട്രീയത്തിലെ സ്ഥിരം പ്രവണതയായി. കോണ്‍ഗ്രസ്സ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന നിലയില്‍ നിന്നും ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആയി പരിവര്‍ത്തനപ്പെടുന്നതിന് വലിയ കാലതാമസമുണ്ടായില്ല എന്നു ചുരുക്കം. ബോഫോഴ്‌സ് കേസ്സിന്റെ അന്വേഷണത്തില്‍ നടത്തിയ മലക്കം മറിച്ചിലുകള്‍ മുതല്‍ എയര്‍സെല്‍-മാക്‌സി കേസ്സില്‍ പി.ചിദംബരത്തെ പ്രതി ചേര്‍ക്കുന്നതുവരെയുള്ള കേസ്സുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സിബിഐ-യുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ഷോന്തനു സെന്‍ എഴുതിയ ‘കറപ്ക്ഷന്‍, സിബഐ ആന്റ് ഐ: മോര്‍ ദാന്‍ എ മെമോയര്‍ ഓഫ് എ സ്‌കാം ബസ്റ്റര്‍’ എന്ന കൃതി അതിനുള്ള വ്യക്തമായ തെളിവാണ്. രാഷ്ട്രീയ ദുരുപയോഗത്തിന്റെ പേരില്‍ ഇത്രയധികം ട്രാക് റിക്കോര്‍ഡുള്ള ഒരു സംവിധാനത്തെ സത്യസന്ധവും, വസ്തുനിഷ്ഠവുമായ അന്വേഷണത്തിന്റെ മാലാഖയായി കേരളത്തില്‍ കൊണ്ടാടപ്പെടുന്നതിന്റെ രഹസ്യമെന്താണ്?
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയകക്ഷികള്‍ അനുഭവിക്കുന്ന ആശയദാരിദ്ര്യത്തിന്റെ മികച്ച ദൃഷ്ടാന്തമായി ഈ കൊണ്ടാടലിനെ കണക്കാക്കാം. സിബിഐ-ക്കു പുറമെ കേരളത്തിന്റെ പൊതുമണ്ഠലത്തില്‍ മൂന്നു മാസമായി നിറഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കുറെ ഏജന്‍സികളാണെന്ന വസ്തുത നല്‍കുന്ന സൂചനയും അതു തന്നെയാണ്. രാഷ്ട്രീയ സംവാദങ്ങളുടെ അജന്‍ഡ നിര്‍ണ്ണയിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിലെ നേതാക്കള്‍ വിവിധ നിറങ്ങളിലെ യൂണിഫോം ധാരികളായ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയെന്നു തോന്നിപ്പിക്കുന്ന വിധമാണ് പോലീസ് ഭാഷ്യങ്ങള്‍ ആഘോഷിക്കപ്പെടുന്നത്. സുരക്ഷ ഭരണകൂടത്തിന്റെ കാവലാളര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം തങ്ങളുടെ നിലപാടുകള്‍ പറയുന്ന നേതാക്കള്‍ കളം നിറയുമ്പോള്‍ ഫെഡറല്‍ സംവിധാനവും, സംസ്ഥാനത്തിന്റെ അധികാരങ്ങളും രാഷ്ട്രീയസംവാദത്തിന്റെ പരിഗണന വിഷയം അല്ലാതാവുന്നു. സ്വര്‍ണ്ണക്കടത്തു മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള കാര്യങ്ങളില്‍ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരിക്കലും ഇടം കിട്ടാതെ പോകുന്നതും ഈ വിഷയങ്ങള്‍ക്കാണ്. സിബിഐ അന്വേഷണത്തെ പറ്റിയുള്ള ഹൈക്കോടതി നിരീക്ഷണത്തിന്റെ ബലത്തില്‍ ആവേശം കൊള്ളുന്ന നേതാക്കള്‍ ഇത്തരം അടിസ്ഥാന വിഷയങ്ങളില്‍ കൂടി മനസ്സിരുത്തിയാല്‍ നന്നാവും




















