ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്പായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രധാന റോഡുകള്‍ക്കും മറ്റ് ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന മറ്റ് 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയും ഭരണാനുമതി നല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകളാണ് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്പ് തന്നെ കൊവിഡും മറ്റ് ദുരുന്തങ്ങളും മൂലം സര്‍ക്കാർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്പ് തന്നെ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കും.
https://www.facebook.com/Comrade.G.Sudhakaran/posts/3316790701690377
ആകെ 225 കോടി രൂപയാണ് ഈ വര്‍ഷം ശബരിമല റോഡുകള്‍ക്കായി ഭരണാനുമതി നല്‍കിയത്. മണ്ണാറകുളഞ്ഞി – പമ്പാറോഡില്‍ ഈ വര്‍ഷമുണ്ടായ കാലവർഷക്കെടുതിയിൽ പാറകളിലുണ്ടായ സ്ഥാനഭ്രംശം മൂലം വിള്ളല്‍ ഉണ്ടായ ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവിടെ കയർ ഭൂവസ്ത്രമുപയോഗിച്ച് സുരക്ഷിതമാക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. 9.25 കോടി രൂപ ചിലവിൽ പ്ലാപ്പള്ളി – ഗവി റോഡ് നവീകരണവും നടന്നു വരുന്നു.
മണ്ണാറക്കുളഞ്ഞി-ഇലവുങ്കൽ, മണ്ണാറക്കുളഞ്ഞി – ചാലക്കയം എന്നീ ഭാഗങ്ങൾ ദേശീയപാത നിർമ്മാണത്തിൻ്റെ പുതിയ പദ്ധതിയിൽപ്പെടുത്തിയാണ് ചെയ്യുന്നത്. ഇലവുങ്കൽ – ചാലക്കയം റോഡിൻ്റെ പുനർ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും നിർവ്വഹിക്കുന്നു.
പ്രതികൂല സാഹചര്യങ്ങൾ ഏറിവരികയാണ്. എന്നാൽ ശബരിമല പാതകളുടെ പുനർനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ പിണറായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പുതിയ കാലത്തെ പുതിയ നിർമാണവുമായി ഇടതു സർക്കാരും പൊതുമരാമത്ത് വകുപ്പും ഒപ്പമുണ്ട്, സേവന ബദ്ധരായി, തീർത്ഥാടകർക്കൊപ്പം.

















