കെ.അരവിന്ദ്
ഏത് വിപണി കാലാവസ്ഥയിലും ഒരു ബാങ്കിംഗ് ഓഹരി നിക്ഷേപകരുടെ പോര്‍ട് ഫോളിയോയില്‍ ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രതീകവമാണ് ബാങ്കിംഗ്. ഈ മേഖലയില്‍ നിന്ന് ഓഹരി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യം പരിഗണിക്കാവുന്ന ഓഹരികളിലൊന്നാണ് ഐസിഐസിഐ ബാങ്ക്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ മേഖലാ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. റീട്ടെയില്‍ ബാങ്കിംഗ് മുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് വരെ വിവിധ ധനകാര്യ സേവനങ്ങളിലായാണ് ഐസിഐസിഐ ബാങ്കിന്റെ ബിസിനസ് വ്യാപരിച്ചിരിക്കുന്നത്.
18,210 ശാഖകളാണ് ഐസിഐ സിഐ ബാങ്കിനുള്ളത്. സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പുതുതലമുറ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ ബാങ്ക് എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നു. ബാങ്കിംഗ് മേഖലയിലെ സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ പല സേവനങ്ങളും ആദ്യം പ്രത്യക്ഷപ്പെടുന്നത് ഐസിഐസിഐ ബാങ്കിന്റെ നെറ്റ്‌ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലും മൊബൈല്‍ ആപ്ലിക്കേഷനിലുമാണ്.
റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഫോണ്‍ പേ സേവനം തകരാറിലായപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ഐസിഐസിഐ ബാങ്കാണ്. ഫോണ്‍ പേയുടെ പേമെന്റ് സര്‍വീസ്‌പ്രൊവൈഡര്‍ യെസ് ബാങ്കായിരുന്നു. ഐസിഐസിഐ ബാങ്ക് നടത്തിയ ദ്രുതഗതിയിലുള്ള പരിശ്രമങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസത്തിനകം ഫോണ്‍പേ സേവനം പുനരാരംഭിക്കാന്‍ സാച്ചു.
2006-2007 കാലയളവില്‍ പുസ്‌തക മൂല്യത്തേക്കാള്‍ പല മടങ്ങ് ഉയര്‍ന്ന നിലയില്‍ വ്യാപാരം ചെയ്‌തിരുന്ന ഓഹരിയാണ് ഐസിഐസിഐ ബാങ്ക്. പക്ഷേ ബാങ്കിങ് മേഖലയും ഐസിഐസിഐ ബാങ്കും ഇടക്കാലത്ത് കടന്നുപോയ വൈഷമ്യങ്ങളുടെ ഘട്ടം ഓഹരി വിലയെയും ബാധിച്ചു. പൊതു മേഖലാ ബാങ്കുകളെ പോലെ പ്രതിസന്ധിയു ടെ ഘട്ടത്തിലൂടെ കടന്നുപോയതാണ് ഐസിഐസിഐ ബാങ്കും. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടം ഐസിഐസിഐ ബാങ്കിനെ സംബന്ധിച്ച് ഇന്ന് കഴിഞ്ഞുപോയ അധ്യായം മാത്രമാണ്. ഫലപ്രദമായ ഇടപെടലുകളിലൂടെ ബാങ്കിന്റെ കിട്ടാക്കട ഭാരം കുറയ്‌ക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചു. ശക്തമായ മാനേജ്‌മെ ന്റും പ്രൊഫഷണല്‍ സമീപനവും ഐസി ഐസിഐ ബാങ്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള എല്ലാ സാധ്യതയുമൊരുക്കുന്നു.
ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍ നിന്നും ഏകദേശം 35 ശതമാനം താഴെയാണ് ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. പുസ്‌തകമൂല്യത്തിന്റെ രണ്ടിരട്ടി മാത്രമാണ് നിലവില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില. തീര്‍ത്തും ന്യായമായ മൂല്യത്തിലാണ് ഇപ്പോള്‍ ഈ ഓഹരി ലഭ്യമായിരിക്കുന്നത്.



















