സുധീര്‍നാഥ്
വിറക് കടകളും, അറക്കപ്പൊടി കടകളും ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. പറമ്പില്‍ നിന്ന് ലഭിക്കുന്ന മടലും മറ്റ് വിറകുകളും പലര്‍ക്കും തികയാതെ വരും. അപ്പോള്‍ പാചകത്തിന് വിറക് വേണ്ടി വരും. അത് നല്‍കാന്‍ വിറക് വില്‍പ്പന ഉണ്ടായിരുന്നു. മരത്തിന്‍റെ മില്ലില്‍ നിന്ന് ലഭിക്കുന്ന പൊടിയാണ് അറക്കപ്പൊടി. മരം അറക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി എന്നതാണ് അറക്കപ്പൊടി. ഇതൊക്കെ വീടുകളില്‍ എത്തിക്കുന്ന ജോലി മാത്രം ചെയ്ത് ജീവിക്കുന്നവരും പണ്ട് ഉണ്ടായിരുന്നു.
ഉണിച്ചിറയില്‍ ഒന്നും, ചെമ്പ്മുക്കില്‍ രണ്ട് തടിമില്ലും ഉണ്ടായിരുന്നു. പലരും ഇവിടെ നിന്നാണ് വിറകും, അറക്കപ്പൊടിയും വാങ്ങിയിരുന്നത്. പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ മൂസ വിറക് കച്ചവടം നടത്തിയിരുന്നു. മുടക്കത്തില്‍ സൗദ തോപ്പിലും, നാരായണന്‍ എന്നയാള്‍ വള്ളത്തോളിലും, മുഹമ്മദ് കരിമക്കാടും, മരോട്ടിച്ചോടില്‍ മാത്യു എ ജെയും, ക്യഷ്ണന്‍കുട്ടി തൈക്കാവിനടുത്തും വിറക് കച്ചവടം നടത്തിയിരുന്നവരാണ്. മുടക്കത്തില്‍ സൗദ മാത്രമാണ് ഇപ്പോഴും വിറക് കച്ചവടം നടത്തുന്നത്. വീടുകളേക്കാള്‍ കൂടുതലും, കാറ്ററിങ്ങുകാരും, ഹോട്ടലുകാരുമാണ് വിറകിന്‍റെ ഉപഭോക്താക്കള്‍. അഞ്ച് കിലോ, പത്ത് കിലോ കട്ടികള്‍ വെച്ച് വലിയ ത്ലാസില്‍ വിറകുകള്‍ തൂക്കി നല്‍കും. മരങ്ങള്‍ മുറിച്ചത് ലോറിയില്‍ കൊണ്ടു വരും. അത് പറമ്പില്‍ ഇട്ട് വിറകുകള്‍ ആക്കുന്നതിന് ജോലിക്കാരുണ്ടായിരുന്നു. മലയാളികളായിരുന്നു ഈ പണികള്‍ അന്ന് ചെയ്തിരുന്നത്. ഇന്നായിരുന്നെങ്കില്‍ അതിഥി തൊഴിലാളികളായിരുന്നേനേ…!
വിറക് അടുപ്പുകള്‍ വീടിന് പുറത്തുള്ള ചെറിയ പുരയിലാണ് ഉണ്ടാകുക. വിറക് മഴ നനയാതെ സൂക്ഷിക്കാന്‍ അവിടെ സംവിധാനമുണ്ടാകും. മൂന്ന് വലിയ കല്ലുകള്‍ കൊണ്ടുണ്ടാക്കുന്ന അടുപ്പില്‍ വിറക് കൊണ്ട് തീകത്തിച്ചായിരുന്നു പാചകം. വാങ്ങുന്ന വിറക് ഉണങ്ങിയതല്ലെങ്കില്‍ കത്തില്ല. വിറക് ഉണക്കാന്‍ ഇടുന്നത് അക്കാലത്ത് പതിവാണ്. മഴക്കാലമായാലാണ് കൂടുതല്‍ ബുദ്ധിമുട്ട്. വിറക് അടുപ്പുള്ള വീടിന്‍റെ അടുക്കള കറുത്തിരുണ്ടിരിക്കും. അടുക്കളയില്‍ നിന്നുള്ള പുക ചിലപ്പോള്‍ വീടിനുള്ളിലും വരും. ഉണക്ക ഓല അടുപ്പ് വേഗം കത്താന്‍ ഉപയോഗിച്ചിരുന്നു. പറമ്പില്‍ നിന്ന് ലഭ്യമായ ചുള്ളി കൊമ്പും, തേങ്ങയുടെ മടലും അടുപ്പില്‍ കത്തിക്കാന്‍ ഉപയോഗിക്കും. ചിരട്ട പോലും കത്തിക്കാന്‍ ഉപയോഗിക്കും.
അറക്കപ്പൊടി അടുപ്പ് വലിയ സാമ്പത്തിക ലാഭമുള്ള ഒന്നാണ്. എരിഞ്ഞടങ്ങുക എന്ന് പറയില്ലേ. അതുപോലാണ് അറക്കപ്പൊടി അടുപ്പില്‍ എരിഞ്ഞടങ്ങുക. അടുപ്പിലെ അറക്കപ്പെടി കത്തിയാല്‍ നഷ്ടമാണ്. കത്താതെ നോക്കിയില്‍ ഏറെ നേരം എരിയും. ഏറെ നേരം അടുപ്പ് ഉപയോഗിക്കാം, നല്ല ചൂടും ലഭിക്കും… ആവശ്യം വേഗം കഴിഞ്ഞാള്‍ വെള്ളം തെളിച്ച് വേണം കനലുകള്‍ കെടുത്താന്‍. അറക്കപ്പൊടി കുറ്റിയില്‍ നടുക്കായി ഒരു കുറ്റി താത്കാലികമായി വെച്ച് അറക്കപ്പൊടി നിറയ്ക്കണം. പുറമെ താഴെ നിന്ന് മറ്റൊരു കുറ്റി കയറ്റി വെയ്ക്കണം. അറക്കപ്പൊടി നിറച്ച് നന്നായി ചവിട്ടി ഉറപ്പിക്കണം. എന്തുമാത്രം ശക്തമായി ഉറപ്പിക്കാമോ അത്രയും നന്ന് എന്നാണ് അക്കാലത്തെ അടുക്കള ശാസ്ത്രം പറയുന്നത്. കുട്ടികളായ ഞങ്ങളുടെ പണിയാണിത്. നന്നായി അറക്കപ്പൊടി നിറച്ച ശേഷം നടുക്ക് വെച്ചതും, താഴെ നിന്ന് വെച്ചതുമായ ഉരുളന്‍ കമ്പുകള്‍ മാറ്റും. താഴെ നിന്നുള്ള കമ്പും, മുകളില്‍ നിന്നുള്ള കമ്പും മാറ്റിയാല്‍ രണ്ടിടത്തും ഉണ്ടാകുന്ന വിടവുകള്‍ തമ്മില്‍ യോജിച്ചിരിക്കും. തഴെയുള്ള വിടവ് വഴി ചെറു കമ്പുകളും ഓലയും കൊണ്ട് തീ ഇടണം. അറക്കപ്പൊടിക്ക് തീ പിടിച്ചാല്‍ പിന്നെ പാചകം തുടങ്ങാം.
പശുവിന്‍റെ ചാണകം അറക്കപ്പൊടിയുമായി ചേര്‍ത്ത് വട്ടത്തിലാക്കി ഉണക്കി മഴക്കാലത്ത് തീകത്തിക്കാന്‍ ചിലര്‍ ഉപയോഗിക്കുമായിരുന്നു. വറളി എന്ന് ചിലര്‍ അതിനെ വിളിച്ചു. വടക്കേ ഇന്ത്യയില്‍ അത് വ്യാപകമാണ്. പൂജയ്ക്കായി അത് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നല്ല കവറുകളിലാക്കി ദേശി കൗ ഡംഗ് കേക്ക് എന്ന പേരില്‍ ഇത് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വരുന്നുണ്ട് എന്നത് കൗതുകമാണ്. അമസോണിലും, ഫ്ളിപ്പ് കാര്‍ട്ടിലും ചാണക കേക്ക് ലഭ്യമാണ്. പാചകത്തിന് പകരം ശവസംസ്ക്കാരത്തിനാണ് ഇപ്പോള്‍ വിറകും, വറളിയും കൂടുതലായി ഉപയോഗിക്കുന്നത്.
കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ മണ്ണണ്ണ സ്റ്റൗവ് വ്യാപകമായി. പമ്പ് ചെയ്ത് ചുവന്ന തീ നീലയാക്കി പാത്രങ്ങള്‍ കരിയാതെ പാചകം ചെയ്യുന്ന വിദ്യ എത്തി. നൂതന്‍ സ്റ്റൗവും ഒരു കാലത്ത് വ്യാപകമായിരുന്നു. മണ്ണണ്ണ ഉപയോഗിച്ചുള്ള പാചകം വ്യാപകമായപ്പോള്‍ വിറകിന്‍റെ ഉപയോഗം സാവകാശം കുറഞ്ഞു. അപ്പോഴാണ് പുകയില്ലാത്ത അടുപ്പുകളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നാട്ടില്‍ വ്യാപകമായി എത്തിയത്. അത് സ്വകാര്യ മേഘല പിന്നീട് ഏറ്റെടുത്ത് വ്യാവസായമാക്കി. വീട്ടിലെ മാലിന്യങ്ങളില്‍ നിന്ന് ബയോ ഗ്യാസ് അടുപ്പുകളും വീടുകളില്‍ എത്തിയിട്ടുണ്ട്. കല്‍ക്കരി ഉപയോഗിച്ചും ചില വീടുകളില്‍ പാചകം നടത്തിയിരുന്നു. ത്യക്കാക്കരയില്‍ കല്‍ക്കരി വില്‍പ്പന ഉണ്ടായിരുന്നു. അത് അത്ര വ്യാപകമായിരുന്നില്ല.
പാചക ഗ്യാസ് പ്രചാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ ഭയത്തോടെയായിരുന്നു ആദ്യം ഗ്യാസിനെ കണ്ടത്. ഷരോണ്‍ ഗ്യാസായിരുന്നു ആദ്യ കാലങ്ങളില്‍ വിതരണക്കാര്‍. പിന്നെ പൂജാ ഗ്യാസായി… ആദ്യകാലങ്ങളില്‍ പലരും ഗ്യാസ് കണക്ഷന്‍ എടുക്കാന്‍ മടിച്ചു നിന്നെങ്കിലും, പിന്നെ മടി മാറി. അപ്പോള്‍ കണക്ഷന്‍ ലഭിക്കാന്‍ നിയന്ത്രണം വന്നു. ഒരു വീടിന് ഒരു കുറ്റി ഗ്യാസ് മാത്രം ലഭിച്ചു. രണ്ടാമതൊന്നിന് കാത്തിരിക്കണം. 1996ല്‍ പാര്‍ലമെന്‍റ് അംഗം ഇ ബാലാനന്ദന്‍റെ കൂപ്പണിലാണ് വീട്ടിലേയ്ക്ക് രണ്ടാമത്തെ ഗ്യാസ് കുറ്റി ലഭിച്ചത്. പൈപ്പ് വഴി ഗ്യാസ് വിതരണം രാജ്യ തലസ്ഥാനത്ത് വ്യാപകമാണ്. കേരളത്തില്‍ അതിന് വലിയ എതിര്‍പ്പുകള്‍ കാണുന്നു. എതിര്‍ക്കുന്നവര്‍ പൈപ്പ് ലൈന്‍ പാചകവാതകം ഉപയോഗിക്കുന്നത് വരും നാളില്‍ കാണുവാന്‍ സാധിക്കും.