തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ മ്യൂസിയം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കല്ലിയൂരിലെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. അദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. പിന്നീട് വിഷയം വിവാദമായപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു.
അതേസമയം വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്. 5 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കുനേരെ ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.
ശനിയാഴ്ചയാണ് കേസുകള്‍ക്കിടയാക്കിയ സംഭവം നടന്നത്. യുട്യൂബിലുടെ അപമാനിച്ചതിനെത്തുടര്‍ന്ന് വിജയ് പി.നായര്‍ താമസിക്കുന്ന ലോഡ്ജിലെത്തി മൂന്നുപേരും ഇയാള്‍ക്കുനേരെ കരി ഓയില്‍ ഒഴിക്കുകയും ഇയാളെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.












