ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശം. ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇനിയും ജീവനക്കാരെ പിണക്കാതെ അനുരഞ്ജനത്തിനു ശ്രമിക്കാനാണു നിർദേശം.ജീവനക്കാർക്ക് കൂടുതൽ സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ചർച്ചകൾ.
ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായി നൽകും. ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. അതിനകം തീരുമാനത്തിലെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടൻ തിരിച്ചുനൽകിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്പളം തുടർന്നു പിടിക്കാനുള്ള നിർദേശത്തോട് ഇതിനകം സി.പി.എം., സി.പി.ഐ. സംഘടനകൾ യോജിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഇതുവരെ പിടിച്ച ഒരുമാസത്തെ ശമ്പളം കെ.എസ്.എഫ്.ഇ.യും ബാങ്കുകളും വഴി ഉടൻ തിരിച്ചുനൽകാമെന്ന നിർദേശം ധനവകുപ്പ് മുന്നോട്ടുവെക്കും. അഞ്ചുമാസത്തേക്ക് വീണ്ടും ശമ്പളം പിടിക്കാൻ അനുവദിച്ചാൽ മാത്രമാണ് ഇങ്ങനെ പണം കിട്ടുക. അല്ലെങ്കിൽ ഇതുവരെ പിടിച്ച പണം ജൂണിലേ നൽകൂ. കെ.എസ്.എഫ്.ഇ.യ്ക്കും ബാങ്കുകൾക്കും സർക്കാർ പിന്നീട് പണം നൽകും. അവരുമായി അതിനായി കരാറുണ്ടാക്കും.
പിടിച്ച പണം ഉടൻ കിട്ടുമെന്നതിനാൽ ഇതിനോട് കൂടുതൽ സംഘടനകളും യോജിക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ സംഘടനകൾ എതിർപ്പ് തുടർന്നാലും ശമ്പളം പിടിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് വിലയിരുത്തൽ. ഈ മാസം ശമ്പളം നൽകാൻ 2000 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നുണ്ട്. 30,000 രൂപയ്ക്കുതാഴെ കിട്ടുന്ന ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്ന് സി.പി.ഐ. സംഘടനയായ ജോയന്റ് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

















